നല്ല നടപ്പിനെ തുടര്‍ന്ന് ജയില്‍ മോചിതനായി; പുറത്തിറങ്ങിയ ശേഷം നടത്തിയത് നാല് കൊലപാതകങ്ങള്‍, സീരിയല്‍ കില്ലര്‍ ഒടുവില്‍ പോലീസ് പിടിയില്‍

ഹൈദരാബാദ്: ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം നാല് കൊലപാതകങ്ങള്‍ കൂടി നടത്തിയ സീരിയല്‍ കില്ലര്‍ പോലീസിന്റെ പിടിയില്‍. സ്ത്രീകളെ കൊന്നു അവരുടെ വിലപിടിപ്പുള്ള ആഭരണങ്ങളും മറ്റും സ്വന്തമാക്കുന്ന യെരുകാലി ശ്രീനു എന്ന കുറ്റവാളിയെ വെള്ളിയാഴ്ചയാണ് മെഹ്ബൂബ് നഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 13 കൊലപാതക കേസുകളില്‍ പ്രതിപട്ടികയില്‍ ഇടംനേടിയ ഇയാളെ നല്ല നടപ്പിനെ തുടര്‍ന്നാണ് ജയിലില്‍ നിന്നും മോചിപ്പിച്ചത്.

13 കൊലപാതക കേസുകളില്‍ ഇയാള്‍പെട്ടിരുന്നെങ്കിലും 11 എണ്ണത്തിലും വിചാരണ കോടതി തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തനാക്കി. കൊലപാതക പരമ്പരക്ക് തുടക്കമിട്ടത് 2007ല്‍ മുതാലാണെന്നാണ് ലഭിച്ച വിവരം. ഈ വര്‍ഷം മാത്രം ശ്രീനു അഞ്ച്
സ്ത്രീകളെയെങ്കിലും കൊന്നിട്ടുണ്ടെന്നാണ് പോലീസ് പറയുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ 17 കൊലപാതക കേസുകളിലാണ് പ്രതിപട്ടികയില്‍ ശ്രീനുവിന്റെ പേരുള്ളത്. ശിക്ഷിക്കപ്പെട്ടാല്‍ രാജ്യത്തെ ഏറ്റവും കുപ്രസിദ്ധനായ സീരിയല്‍ കില്ലറായി ശ്രീനുമാറും. സഹേദരന്റെ അമ്മായി ഉള്‍പ്പെടെയുളളവരും ശ്രീനു കൊലപ്പെടുത്തിയവരില്‍ ഉള്‍പ്പെടുന്നു.

തൊഴിലാളിയായ അലിവേമ്മ (53)യുടെ കൊലപാത കേസിലാണ് ശ്രീനു വെള്ളിയാഴ്ച അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ മറ്റു മൂന്നു കൊലപാതകങ്ങള്‍ കൂടി നടത്തിയതായി ശ്രീനു പോലീസിനോട് സമ്മതിച്ചു.സര്‍ക്കാര്‍ ലേലം ചെയ്ത മണലില്‍ നിന്ന് അസ്ഥികൂടം കിട്ടിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് ശ്രീനു കുടുങ്ങിയത്.

Exit mobile version