മുഗളര്‍ക്കെതിരെ പോരാടിയ ചരിത്രവനിതകളുടെ പിന്മുറക്കാരാണ് ഞങ്ങള്‍, നിയമം പിന്‍വലിക്കാതെ പ്രതിഷേധത്തില്‍ നിന്നും പിന്മാറില്ല; സ്വരം കടുപ്പിച്ച് അസമിലെ സ്ത്രീകള്‍

പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചാണ് ശനിയാഴ്ച സ്ത്രീകള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചത്

ഗുവാഹത്തി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി അസമില്‍ തെരുവിലിറങ്ങിയത് ആയിരക്കണക്കിന് സ്ത്രീകള്‍. ദേശീയ പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ ഞങ്ങള്‍ അനുവദിക്കുകയില്ല. അസമിലെ സ്ത്രീകളുടെ ഭാഗത്തുനിന്നുള്ള വ്യക്തമായ വിയോജിപ്പാണിതെന്ന് ഗുവാഹത്തിയിലെ ലതാഷില്‍ ഫീല്‍ഡില്‍ പ്രതിഷേധിക്കുന്ന റൂബി ദത്ത ബറുവ മാധ്യമങ്ങളോട് പ്രതികരിച്ചു.

പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചാണ് ശനിയാഴ്ച സ്ത്രീകള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. മുഗളര്‍ക്കെതിരെ പോരാടിയ ചരിത്രവനിതകളുടെ പിന്മുറക്കാരാണ് തങ്ങളെന്ന് സ്വരമിടറാതെ മുദ്രാവാക്യവും ഉയര്‍ത്തി. നിയമം പിന്‍വലിക്കാതെ പ്രതിഷേധത്തില്‍ നിന്നും പിന്മാറില്ലെന്നാണ് ഇവര്‍ പറയുന്നത്.

കനകലത, ബിര്‍ ലചിത് ബോര്‍ഫുകോന്‍ തുടങ്ങിയ വനിതാ പോരാളികളുടെ പിന്മുറക്കാരാണ് ഞങ്ങള്‍. സമരത്തിന്റെയും അനീതിയുടെയും ചരിത്രം അസമിനുണ്ട്. ഞങ്ങള്‍ക്ക് ഞങ്ങളെ അനീതിക്ക് വിട്ടുകൊടുക്കാന്‍ സാധിക്കില്ല. അതിനാല്‍ ദേശീയ പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ ഞങ്ങള്‍ അനുവദിക്കുകയില്ല. അസമിലെ സ്ത്രീകളുടെ ഭാഗത്തുനിന്നുള്ള വ്യക്തമായ വിയോജിപ്പാണിതെന്നും റൂബി ദത്ത ബറുവ പ്രതികരിച്ചു.

സംസ്ഥാനത്തിന്റെ താല്പര്യത്തെയും ഭാഷയെയും സംസ്‌കാരത്തെയും സാംസ്‌കാരിക- സാമൂഹിക ഐക്യത്തെയും ദോഷകരമായി ബാധിക്കുന്നതാണ് ദേശീയ പൗരത്വ നിയമം. ഇതിനെതിരെ ഒരുപാടുകാലമായി ഞങ്ങള്‍ പ്രതിഷേധിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ സര്‍ക്കാര്‍ ഞങ്ങളെ ശ്രദ്ധിക്കാന്‍ തയ്യാറാകുന്നില്ലെന്നും പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ മറ്റൊരു സ്ത്രീ പറഞ്ഞു. ജോര്‍ഹട്ട്, ഗോല്‍ഘട്ട്, ബ്രഹ്മപുത്ര വാലി തുടങ്ങിയിടങ്ങളിലും സമാനമായ പ്രതിഷേധം നടക്കുന്നുണ്ട്.

Exit mobile version