ഏക വ്യക്തി നിയമത്തിലേക്ക് അസം: മുസ്ലീം വിവാഹ നിയമം റദ്ദാക്കി

ഗുവാഹാട്ടി: ഉത്തരാഖണ്ഡിന് പിന്നാലെ ഏക വ്യക്തി നിയമത്തിലേക്ക് അസമും. ആദ്യ പടിയായി 1935 ലെ അസം മുസ്ലിം വിവാഹ-വിവാഹ മോചന രജിസ്ട്രേഷന്‍ നിയമം റദ്ദാക്കാന്‍ അസം മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള ആദ്യപടിയായാണ് ഈ നീക്കം. പ്രത്യേക മന്ത്രിസഭ യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്.

നേരത്തെ രാജ്യത്ത് ആദ്യമായി ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍കോഡ് പാസാക്കിയിരുന്നു. അസമിലും നിയമം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ പറഞ്ഞിരുന്നു. മുസ്ലിം വിവാഹ നിയമപ്രകാരം സംസ്ഥാനത്ത് ഇനി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്നും പ്രത്യേക വിവാഹ നിയമപ്രകാരം എല്ലാ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യാമെന്നും അസം മന്ത്രി ജയന്ത മല്ല ബറുവ പറഞ്ഞു.

ശൈശവ വിവാഹം നിരോധിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പ് എന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ എക്‌സില്‍ കുറിച്ചു. ഇന്നത്തെ സമൂഹത്തിന് ചേരാത്ത കൊളോണിയല്‍ നിയമയമെന്ന് വിമര്‍ശിച്ച മന്ത്രി ജയന്ത മല്ല ബറുവ ഏക വ്യക്ത നിയമത്തിലേക്കുള്ള യാത്രയിലെ പ്രധാന ചുവടുവയ്പാണിതെന്ന് വിലയിരുത്തി. ഇനി സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് മുസ്ലിം വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനാവുക. ബഹുഭാര്യാത്വം തടയാനുള്ള നടപടികളും ആരംഭിച്ചെന്നും അസം സര്‍ക്കാര്‍ അറിയിച്ചു.

Exit mobile version