ഇന്ത്യയിലെ ജനങ്ങള്‍ അവരുടെ അഭിമാനമായി കരുതിയിരുന്ന എയര്‍ ഇന്ത്യയെ വില്‍ക്കരുത്; പ്രധാനമന്ത്രിക്ക് കത്ത്

ഇന്ത്യന്‍ കൊമേഴ്സ്യല്‍ പൈലറ്റ്സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ കാബിന്‍ ക്രൂ അസോസിയേഷന്‍, ഇന്ത്യന്‍ പൈലറ്റ്സ് ഗില്‍ഡ് തുടങ്ങിയ സംഘടനകളുള്‍പ്പെടെ ആറോളം യൂണിയനുകളാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.

ന്യൂഡല്‍ഹി: പൊതുമേഖല വ്യോമയാന കമ്പനിയായ എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി മോഡിക്ക് ഒരു വിഭാഗം എയര്‍ ഇന്ത്യ യൂണിയന്റെ കത്ത്.

ഇന്ത്യന്‍ കൊമേഴ്സ്യല്‍ പൈലറ്റ്സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ കാബിന്‍ ക്രൂ അസോസിയേഷന്‍, ഇന്ത്യന്‍ പൈലറ്റ്സ് ഗില്‍ഡ് തുടങ്ങിയ സംഘടനകളുള്‍പ്പെടെ ആറോളം യൂണിയനുകളാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.

ഓഹരികള്‍ സ്വകാര്യ കമ്പനിക്ക് വിറ്റഴിക്കുന്നതിന് പകരം എല്‍&ടി, ഐടിസി എന്നിവയുടെ മാതൃകയില്‍ എയര്‍ ഇന്ത്യയെ ബോര്‍ഡ് നിയന്ത്രിക്കുന്ന കമ്പനിയാക്കണമെന്നാണ് യൂണിയനുകള്‍ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യയിലെ ജനങ്ങള്‍ അവരുടെ അഭിമാനമായി കരുതിയിരുന്ന ഒന്നാണ് എയര്‍ ഇന്ത്യ. കഴിഞ്ഞ മൂന്ന് വര്‍ഷമായി എയര്‍ ഇന്ത്യയ്ക്ക് പ്രവര്‍ത്തനലാഭമുണ്ട്. എന്നാല്‍ 4000 കോടിയോളം രൂപ വാര്‍ഷിക ചെലവുള്ളതിനാല്‍ ലോണുകള്‍ തിരിച്ചടയ്ക്കുന്നത് പ്രധാനവെല്ലുവിളിയായി മാറി. അതിനാല്‍ കടങ്ങള്‍ എഴുതിത്തള്ളുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്ന് അവര്‍ കത്തില്‍ ആവശ്യപ്പെടുന്നു.

എയര്‍ ഇന്ത്യയെ നയിക്കുന്നതിന് ഒരു പ്രൊഫണഷല്‍ മാനേജ്മെന്റ് സംവിധാനം നടപ്പിലാക്കണമെന്നും കത്തില്‍ യൂണിയന്‍ ആവശ്യപ്പെടുന്നു. പ്രധാനമന്ത്രിയെ കൂടാതെ ആഭ്യന്തരമന്ത്രി, വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി, ഏവിയേഷന്‍ സെക്രട്ടറി പിഎസ് കരോള, എയര്‍ ഇന്ത്യ സിഎംഡി അശ്വനി ലോഹനി എന്നിവര്‍ക്കും കത്തയച്ചിട്ടുണ്ട്.

Exit mobile version