സുഡാനി ടീമിനൊപ്പം: ദേശീയ ചലച്ചിത്ര അവാര്‍ഡ് ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് സാവിത്രി ശ്രീധരനും

കൊച്ചി: രാജ്യമെമ്പാടും പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കത്തിപ്പടരുമ്പോള്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് നടി സാവിത്രി ശ്രീധരനും. സുഡാനി ഫ്രം നൈജീരിയ സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ തീരുമാനത്തിന് ഒപ്പം നില്‍ക്കുന്നെന്ന് സാവിത്രി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ തന്റെ പ്രതിഷേധം കൂടിയാണിതെന്നും അവര്‍ പറഞ്ഞു. സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശം നേടിയ നടിയാണ് സാവിത്രി ശ്രീധരന്‍.

പൗരത്വ ഭേദഗതി നിയമം-എന്‍ആര്‍സി എന്നിവയില്‍ പ്രതിഷേധിച്ച് പുരസ്‌കാര ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ സക്കരിയയും തിരക്കഥാകൃത്ത് മുഹ്‌സിന്‍ പരാരിയും നിര്‍മ്മാതാക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദും നേരത്തെ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് സാവിത്രി ശ്രീധരനും നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മലയാള ചലച്ചിത്രം സുഡാനി ഫ്രം നൈജീരിയ മികച്ച മലയാള സിനിമയായി തെരഞ്ഞെടുത്തിരുന്നു.

Exit mobile version