‘പൗരത്വം തെളിയിക്കാന്‍ കേന്ദ്രം ആവശ്യപ്പെടുന്ന ഒരു രേഖയും തങ്ങള്‍ ഹാജരാക്കില്ല’; ശക്തമായ പ്രതിഷേധവുമായി ബംഗാളി കലാകാരന്‍മാര്‍

'ഒരു രേഖയും കാണിക്കില്ലെന്ന്' ബംഗാളി ഭാഷയില്‍ കലാകാരന്മാര്‍ പ്രഖ്യാപിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്

കൊല്‍ക്കത്ത: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. സാമൂഹിക-സാസ്‌കാരിക-രാഷ്ട്രീയ-ചലച്ചിത്ര രംഗത്തുനിന്നുള്ള നിരവധി പ്രമുഖര്‍ ഇതിനോടകം ഇതിനെതിരെ പ്രതികരിച്ച് രംഗത്ത് എത്തി കഴിഞ്ഞു. ഇപ്പോഴിതാ പൗരത്വ നിയമത്തിനെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബംഗാളി കലാകാരന്മാര്‍.

പൗരത്വം തെളിയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്ന ഒരു രേഖയും തങ്ങള്‍ ഹാജരാക്കില്ലെന്നാണ് പുറത്തുവിട്ട വീഡിയോയിലൂടെ താരങ്ങള്‍ വ്യക്തമാക്കിയത്. ‘ഒരു രേഖയും കാണിക്കില്ലെന്ന്’ ബംഗാളി ഭാഷയില്‍ കലാകാരന്മാര്‍ പ്രഖ്യാപിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ധ്രിതിമാന്‍ ചാറ്റര്‍ജി, സബ്യാസാച്ചി ചക്രവര്‍ത്തി, കൊങ്കണ സെന്‍ ശര്‍മ്മ, നന്ദന സെന്‍, സ്വസ്തിക മുഖര്‍ജി, സംവിധായകന്‍ സുമന്‍ മുഖോപാധ്യായ, ഗായകന്‍ രുപം ഇസ്ലാം തുടങ്ങി പന്ത്രണ്ടോളം പ്രമുഖ കലാകാരന്മാരാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

നേരത്തേ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ച് ബോളിവുഡ് താരങ്ങളും രംഗത്ത് എത്തിയിരുന്നു. ടിംപിള്‍ ഖന്ന, സ്വര ഭാസ്‌കര്‍, അനുരാഗ് കശ്യപ്, ദീപിക പദുക്കോണ്‍, തപ്‌സി പന്നു എന്നിങ്ങനെ നിരവധി താരങ്ങളാണ് പ്രതിഷേധിച്ച് രംഗത്ത് എത്തിയത്. മലയാള സിനിമാ മേഖലയില്‍ നിന്ന് പാര്‍വതി തിരുവോത്ത്, ഇന്ദ്രജിത്ത്, ലിജോ ജോസ് പല്ലിശേരി, പൃഥ്വിരാജ്, ഗീതു മോഹന്‍ദാസ്, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, ആഷിഖ് അബു, ടോവീനോ തോമസ്, റിമാ കല്ലിങ്കല്‍, ഷെയിന്‍ നിഗം എന്നീ താരങ്ങളെല്ലാം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു.

Exit mobile version