പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചു: മദ്രാസ് ഐഐടിയിലെ ജര്‍മന്‍ വിദ്യാര്‍ഥിയ്ക്ക് രാജ്യം വിടാന്‍ നിര്‍ദേശം

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദേശ വിദ്യാര്‍ഥിയ്ക്ക് രാജ്യം വിടാന്‍ നോട്ടീസ്. മദ്രാസ് ഐഐടിയിലെ ജര്‍മന്‍ വിദ്യാര്‍ഥിയായ ജേക്കബ് ലിന്‍ഡനോടാണ് ഒരു സെമസ്റ്റര്‍ ബാക്കി നില്‍ക്കെ രാജ്യം വിടാന്‍ ആവശ്യപ്പെട്ടത്. ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് നോട്ടീസ് മദ്രാസ് ഐഐടിക്ക് കൈമാറി.

വിസാ ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വിസ നല്‍കുന്ന സമയത്ത് പഠനത്തിനുവേണ്ടി മാത്രമാണ് വിസയെന്നും തൊഴിലെടുക്കാനോ പ്രതിഷേധത്തില്‍ പങ്കെടുക്കാനോ പാടില്ലെന്നും വിസയില്‍ സൂചിപ്പിക്കുന്നുണ്ടെന്നും പറയുന്നു.

വിദ്യാഭ്യാസ വിനിമയ പദ്ധതി പ്രകാരം ട്രിപ്‌സണ്‍ സര്‍വകലാശാലയില്‍ നിന്നു ഫിസിക്‌സ് പഠനത്തിനെത്തിയതാണ് ജേക്കബ്. ഇന്നലെ രാവിലെ നോട്ടീസ് കിട്ടിയതിന് പിന്നാലെ ജേക്കബ് രാത്രി ജര്‍മനിയിലേക്കു തിരിച്ചു. സമരത്തിനു കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി കഴിഞ്ഞ ദിവസം ഡീന്‍ വിദ്യാര്‍ഥികള്‍ക്കു സര്‍ക്കുലര്‍ അയച്ചിരുന്നു.

Exit mobile version