ശാരീരികമായി മര്‍ദ്ദിച്ച് വീട്ടില്‍ നിന്നും ഇറക്കി വിട്ടു; മുന്‍ ബിഹാര്‍ മുഖ്യമന്ത്രി റാബ്‌റി ദേവിക്ക് എതിരെ ഗാര്‍ഹിക പീഡന പരാതിയുമായി ഐശ്വര്യ റായ്

കാലിത്തീറ്റ കുംഭകോണക്കേസില്‍പ്പെട്ട് ലാലു പ്രസാദ് യാദവ് ജയിലില്‍ കഴിയുന്നതിനിടെയാണ് കുടുംബത്തില്‍ അമ്മായിയമ്മ-മരുമകള്‍ പോര് ശക്തമായത്

പാട്ന: ലാലു പ്രസാദ് യാദവിന്റെ ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവിക്ക് എതിരെ ഗാര്‍ഹിക പീഡന പരാതിയുമായി മരുമകള്‍. റാബ്രി ദേവി തന്നെ ശാരീരികമായി മര്‍ദ്ദിച്ചെന്നും വീട്ടില്‍ നിന്നും ഇറക്കിവിടുകയും ചെയ്‌തെന്ന് ആരോപിച്ച് മരുമകള്‍ ഐശ്വര്യ റായിയാണ് അമ്മായിയമ്മയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്.

കാലിത്തീറ്റ കുംഭകോണക്കേസില്‍പ്പെട്ട് ലാലു പ്രസാദ് യാദവ് ജയിലില്‍ കഴിയുന്നതിനിടെയാണ് കുടുംബത്തില്‍ അമ്മായിയമ്മ-മരുമകള്‍ പോര് ശക്തമായത്. ഇത് രണ്ടാം തവണയാണ് ഐശ്വര്യ ഭര്‍തൃവീട്ടുകാര്‍ക്ക് എതിരെ ആരോപണങ്ങളുമായി എത്തിയത്. പട്‌നയിലെ 10 സര്‍ക്കുലര്‍ റോഡ് ഹൗസിലാണ് ലാലുവിന്റെ കുടുംബം താമസിക്കുന്നത്.

അമ്മായിമ്മ തന്നെ ശാരീരികമായി മര്‍ദ്ദിച്ചെന്നും മുടിക്കുപിടിച്ച് തള്ളി വീട്ടില്‍നിന്ന് ഇറക്കിവിടുകയും ചെയ്തുവെന്ന് ഐശ്വര്യ റായ് ആരോപിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് തന്നെ പുറത്താക്കിയതെന്നും ഐശ്വര്യ പറയുന്നു. സംഭവത്തില്‍ ഐശ്വര്യയുടെ അച്ഛനും മുന്‍ എംഎല്‍എയുമായ ചന്ദ്രിക റായിയും റാബ്രി ദേവിക്കെതിരെ പരാതി നല്‍കി.

ഇരുവരും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റാബ്രി ദേവിക്കെതിരേ സചിവാലയ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. റാബ്‌റി ദേവിക്ക് എതിരെ പോലീസില്‍ പരാതി നല്‍കിയതിന് പുറമെ ഐശ്വര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version