മുഖംതിരിച്ച് മഹാരാഷ്ട്രയും; പൗരത്വ ഭേദഗതി നിയമം ഇന്ത്യയെന്ന ആശയത്തിനും ഭരണഘടനയ്ക്കും എതിര്, സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് കോണ്‍ഗ്രസ് മന്ത്രി

ഞങ്ങളുടെ സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല.

മുംബൈ: പ്രതിഷേധങ്ങളെ തള്ളി പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ മുഖംതിരിച്ച് മഹാരാഷ്ട്രയും. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് സംസ്ഥാന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. നിതിന്‍ റാവത്ത് പറയുന്നു. ഈ നിയമം ഇന്ത്യയെന്ന ആശയത്തിനും ഭരണഘടനയ്ക്കും എതിരാണെന്നും അദ്ദേഹം പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം പ്രതികരണം അറിയിച്ചത്.

‘ഞങ്ങളുടെ സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല. ഈ നിയമം ഇന്ത്യയെന്ന ആശയത്തിനും ഭരണഘടനയ്ക്കും എതിരാണെന്നു ഞങ്ങളുടെ പാര്‍ട്ടി ഉറച്ചുവിശ്വസിക്കുന്നു.’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന രാജ്യവ്യാപക പ്രതിഷേധം അഞ്ചാം ദിവസത്തിലേക്കു കടന്നിരിക്കുകയാണ്.

പ്രതിഷേധങ്ങളും മറ്റും മാനിക്കാതെ, ആസാം കത്തിയെരിയുമ്പോഴും അവയെ നിഷ്‌കരുണം തള്ളിയാണ് ബില്‍ പാസാക്കിയെടുത്തത്. ഈ നിയമത്തിനെതിരെ ആസാമിനു പുറത്തും വ്യാപക പ്രതിഷേധം അലയടിച്ചു. കേരളം കൂടാതെ പഞ്ചാബ്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഈ നിയമത്തിനോട് നോ പറഞ്ഞിട്ടുണ്ട്. ഇതിനു പിന്നാലെയാണ് മഹാരാഷ്ട്രയും ഇടയുന്നത്.

Exit mobile version