‘വൈമാനികന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ജീവിതം യുവപൈലറ്റുമാര്‍ക്ക് ആവേശം പകരുന്നതാണ്’; കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച ക്യാപ്റ്റന്‍ ദീപക് സാത്തേയ്ക്ക് പത്മ അവാര്‍ഡിന് ശുപാര്‍ശ ചെയ്ത് മഹാരാഷ്ട്ര

മുംബൈ: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച ക്യാപ്റ്റന്‍ ദീപക് സാത്തേയ്ക്ക് പത്മ അവാര്‍ഡിന് ശുപാര്‍ശ ചെയ്ത് മഹാരാഷ്ട്ര സര്‍ക്കാര്‍. വൈമാനികന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ജീവിതം യുവപൈലറ്റുമാര്‍ക്ക് ആവേശം പകരുന്നതാണെന്ന് മുഖ്യമന്ത്രി ഉദ്ധവ്താക്കറെ അനുസ്മരിച്ചിരുന്നു. മന്ത്രി ആദിത്യ താക്കറെയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാസമിതിയാണ് പത്മ അവാര്‍ഡുകള്‍ക്കുള്ള പേരുകള്‍ ശുപാര്‍ശ ചെയ്തത്.

ക്യാപ്റ്റന്‍ ദീപക് സാത്തേയ്ക്ക് പുറമെ മൈക്രോബയോളജിസ്റ്റ് ഡോ. ജയന്തി ശാസ്ത്രി, പുണെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വൈറോളജിസ്റ്റ് മിനല്‍ ദഖാവെ ഭോസ്ലെ, ഡോ. സുല്‍ത്താന്‍ പ്രധാന്‍, നടന്‍മാരായ ദിലീപ് പ്രഭാവത്കര്‍, അശോക് സറഫ്, വിക്രം ഗോഖലെ എന്നിവരുടെ പേരുകളും പത്മ അവാര്‍ഡുകള്‍ക്കായി മഹാരാഷ്ട്ര സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

അതേസമയം അഞ്ചുവര്‍ഷത്തിനിടെ മഹാരാഷ്ട്രസര്‍ക്കാര്‍ പത്മ അവാര്‍ഡുകള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളവരില്‍ വെറും ആറുപേരെ മാത്രമാണ് കേന്ദ്രം പരിഗണിച്ചതെന്നും കഴിഞ്ഞവര്‍ഷം ശുപാര്‍ശ ചെയ്ത ആരെയും കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും മന്ത്രിമാരിലൊരാള്‍ വെളിപ്പെടുത്തി.

Exit mobile version