സെപ്റ്റംബര്‍ 9 ന് മുംബൈയില്‍ തിരിച്ചെത്തുമെന്ന് കങ്കണ; തിന്നുന്ന പാത്രത്തില്‍ തുപ്പുന്ന താരം പാക് അധീന കാശ്മീരിലേക്ക് പോവുന്നതാണ് നല്ലതെന്ന് സഞ്ജയ് റാവത്ത്

മുംബൈ: ഭീഷണികള്‍ അവഗണിച്ച് സെപ്റ്റംബര്‍ 9ന് മുംബൈയില്‍ തിരിച്ചെത്തുമെന്ന് അറിയിച്ച നടി കങ്കണ റണാവത്തിനോട് തിന്നുന്ന പാത്രത്തില്‍ തുപ്പുന്ന താരം പാക് അധീന കശ്മീരിലേക്ക് പോവുന്നതാണ് നല്ലതെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്.

മുംബൈ പോലീസിനെച്ചൊല്ലി ശിവസേനാ നേതാവ് സഞ്ജയ് റാവത്തുമായി വാക്‌പോര് തുടരുന്നതിനിടെയാണ് താരം അവഗണനകളെ തള്ളി മുംബൈയില്‍ എത്തുമെന്ന് അറിയിച്ചിരിക്കുന്നത്. മുംബൈ പോലീസില്‍ വിശ്വാസമില്ലെങ്കില്‍ കങ്കണ മുംബൈയിലേക്ക് തിരിച്ചു വരേണ്ട എന്ന സഞ്ജയ് റാവത്തിന്റെ പ്രസ്താവനയെ പരസ്യ ഭീഷണിയായി ചിത്രീകരിച്ചുകൊണ്ടായിരുന്നു അവരുടെ പ്രതികരണം.

‘മുംബൈയിലേക്ക് തിരിച്ചു വരരുതെന്ന് പലരും ഭീഷണിപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് സെപ്റ്റംബര്‍ ഒമ്പതിന് മുംബൈയിലേക്കു പോകാന്‍ ഞാന്‍ തീരുമാനിച്ചു. അവിടെ വിമാനമിറങ്ങുന്ന സമയം അറിയിക്കാം. ധൈര്യമുള്ളവര്‍ തടയാന്‍ വരട്ടേ’- ഹിമാചല്‍ പ്രദേശിലെ മണാലിയിലെ വസതിയില്‍നിന്ന് ട്വിറ്റര്‍ സന്ദേശത്തില്‍ കങ്കണ പറഞ്ഞു.

മുംബൈ നഗരം പാക് അധീന കാശ്മീരിന് സമാനമായി തോന്നുവെന്നുവെന്ന കങ്കണയുടെ പ്രസ്താവനയാണ് ശിവസേനയെ ചൊടിപ്പിച്ചത്. തുടര്‍ന്നാണ് വാക്കുതര്‍ക്കങ്ങളും മറ്റും ഉടലെടുത്തത്.

സഞ്ജയ് റാവത്തിന്റെ വാക്കുകള്‍;

തിന്നുന്ന പാത്രത്തില്‍ തുപ്പുകയാണവര്‍. അവരുടെ മനോനില ശരിയല്ല. മുംബൈയിലേക്കു വരുന്നതിനു പകരം അവര്‍ പാക് അധീന കാശ്മീരിലേക്ക് പോയ്‌ക്കോട്ടെ. രണ്ടു ദിവസം പാക് അധീന കശ്മീരില്‍ പോയി താമസിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കങ്കണയെ സഹായിക്കണം. സര്‍ക്കാര്‍ തയ്യാറല്ലെങ്കില്‍ അതിനുള്ള ചെലവു വഹിക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്.

നിങ്ങള്‍ താമസിക്കുന്ന, നിങ്ങള്‍ക്ക് പേരും പ്രശസ്തിയും തന്ന നഗരത്തെയാണ് നിങ്ങള്‍ അവഹേളിക്കുന്നത്. ആ നഗരത്തിന്റെ സുരക്ഷയ്ക്കു വേണ്ടി ജീവന്‍ ബലികഴിക്കാന്‍ തയ്യാറായി നില്‍ക്കുന്ന പോലീസുകാരെയാണ് അപമാനിക്കുന്നത്. ഇത്തരം ഭാഷയില്‍ ആരും സംസാരിക്കാന്‍ പാടില്ല

Exit mobile version