പൗരത്വ ഭേദഗതി നിയമം; ജനങ്ങളില്‍ തെറ്റിദ്ധാരണ പടര്‍ത്തി കലാപത്തിനു പ്രേരിപ്പിക്കുകയാണ് രാഹുലും പ്രിയങ്കയുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ പടര്‍ത്തി കലാപത്തിനു പ്രേരിപ്പിക്കുകയാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹിയില്‍ ബൂത്ത് കാര്യകര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് അമിത് ഷാ ഇരുവര്‍ക്കുമെതിരെ രൂക്ഷ പരാമര്‍ശം നടത്തിയത്.

‘പൗരത്വം നഷ്ടപ്പെടുമെന്ന് പറഞ്ഞ് രാജ്യത്തെ ന്യൂനപക്ഷങ്ങളെ നിങ്ങള്‍ പ്രകോപിപ്പിക്കുകയാണ്. പൗരത്വം നഷ്ടമാവില്ലെന്ന് രാജ്യത്തെ ന്യൂനപക്ഷങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. കാരണം പൗരത്വ നിയമ ഭേദഗതിയില്‍ ആരുടെയും പൗരത്വം റദ്ദാക്കാനുള്ള വകുപ്പില്ല’ എന്നാണ് അമിത് ഷാ സമ്മേളനത്തില്‍ പറഞ്ഞത്. അതേസമയം ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ രൂപവല്‍ക്കരിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

അതേസമയം കഴിഞ്ഞ ദിവസം പാകിസ്താനിലെ നങ്കന സാഹിബ് ഗുരുദ്വാരക്ക് നേരെ ഉണ്ടായ ആക്രമണത്തെ കുറിച്ചും അമിത് ഷാ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ‘കെജരിവാള്‍, സോണിയാ, രാഹുല്‍ കണ്ണ് തുറക്കൂ. എന്നിട്ട് നോക്കൂ എങ്ങനെയാണ് കഴിഞ്ഞദിവസം പാകിസ്താനിലെ നങ്കാന സാഹിബ് ഗുരുദ്വാര ആക്രമിക്കപ്പെട്ടതെന്ന്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കുള്ള മറുപടിയാണത്. ആക്രമിക്കപ്പെട്ട സിഖുകാര്‍ ഇനി എവിടേക്ക് പോകും’ എന്നാണ് പ്രസംഗത്തില്‍ അമിത് ഷാ പറഞ്ഞത്.

Exit mobile version