പൗരത്വ ബില്ലിനെതിരെ പ്രതിഷേധം കത്തുന്നു; അസമിലെ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ദേശീയ പൗരത്വ ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം പടരുന്നു. പ്രതിഷേധ പ്രകടനങ്ങളില്‍ വ്യാപക അക്രമവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അസമിലെ പ്രക്ഷോഭകര്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

ഉലുബാരി, ഹാത്തിഗാം, വസിഷ്ടചാരിയാലി എന്നിവിടങ്ങളിലാണ് വെടിവെപ്പുണ്ടായത്. ഇതുവരെ പരിക്കേറ്റവരുടെ എണ്ണം ഡസന്‍ കടന്നതായും റിപ്പോര്‍ട്ടുണ്ട്. സിആര്‍പിഎഫ് വെടിവെപ്പിലാണ് പ്രക്ഷോഭകാരിയായ ഡിപഞ്ചന്‍ ദാസ് കൊല്ലപ്പെട്ടത്.

ബില്ലിനെതിരെ പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തില്‍ പോലീസ് കര്‍ഫ്യു ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കര്‍ഫ്യു ലംഘിച്ചെത്തിയ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തെരുവിലിറങ്ങിയത്. പോലീസുമായുള്ള ഏറ്റുമുട്ടിലിനിടെയാണ് വെടിവെപ്പ് നടന്നത്. ബുധനാഴ്ച രാത്രിയിലാണ് ഗുവാഹട്ടിയില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തിയത്. അസമില്‍ അടുത്ത രണ്ട് ദിവസത്തേക്ക് കൂടി ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി.

Exit mobile version