ഡല്‍ഹിയില്‍ ഫാക്ടറിയിലുണ്ടായ തീപിടുത്തം; മരണം 43 ആയി; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അനാജ് മണ്ഡിയിലുണ്ടായ തീപിടുത്തതില്‍ മരണസംഖ്യ 43 ആയി ഉയര്‍ന്നു. അനജ് മണ്ഡിലുള്ള ഫാക്ടറിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു തീപിടുത്തമുണ്ടായത്. സ്‌കൂള്‍ ബാഗുകള്‍ നിര്‍മ്മിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീ സമീപത്തുള്ള വീടുകളിലേക്ക് പടര്‍ന്നുപിടിക്കുകയായിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവരടക്കം കുഴഞ്ഞുവീണു മരിച്ചു. പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്. തീ പൂര്‍ണമായും അണയ്ക്കാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷപ്പെടുത്തിയവരെ സമീപത്തുള്ള ആര്‍എംഎല്‍ ഹോസ്പിറ്റല്‍, ഹിന്ദു റാവു ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

വൈദ്യുതി ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും, ഫയര്‍ഫോഴ്‌സ് എത്തിയിട്ടുണ്ടെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ട്വിറ്ററിലൂടെ മുഖ്യമന്ത്രി അറിയിച്ചു.

ഡല്‍ഹിയിലുണ്ടായ തീപിടുത്തം ഭയപ്പെടുത്തുന്നതാണെന്നും പരിക്കേറ്റവര്‍ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തു. അധികൃതര്‍ ദുരന്തസ്ഥലത്ത് വേണ്ട സഹായങ്ങള്‍ ഒരുക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.

Exit mobile version