ഹൈദരാബാദ് കൂട്ടബലാത്സംഗം; പ്രതികള്‍ കൊല്ലപ്പെട്ടതില്‍ സന്തോഷമെന്ന് ഡോക്ടറുടെ അമ്മ

ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളും കൊല്ലപ്പെട്ടതില്‍ സന്തോഷമെന്ന് ദിശയുടെ കുടുംബം.

ഹൈദരാബാദ്: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളും കൊല്ലപ്പെട്ടതില്‍ സന്തോഷമെന്ന് ദിശയുടെ കുടുംബം. കേസിലെ നാല് പ്രതികളെയും ഹൈദരാബാദ് പോലീസ് ഇന്ന് പുലര്‍ച്ചെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്.

അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിന് ഇടയിലായിരുന്നു സംഭവം. തെളിവെടുപ്പിനിടെ പ്രതികള്‍ തോക്കുപിടിച്ചെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്‌ക്കേണ്ടി വന്നതെന്ന് പോലീസ് വ്യക്തമാക്കി. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്ന് പോലീസ് പറഞ്ഞു.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഹൈദരാബാദിലെ ഔട്ടര്‍ റിങ് റോഡിലെ അടിപ്പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവവെറ്ററിനറി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു.

തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികള്‍. വെള്ളിയാഴ്ച രാവിലെ നാല് പ്രതികളെയും അവരുടെ വീടുകളില്‍ നിന്നാണ് സൈബര്‍ബാദ് പോലീസ് അറസ്റ്റ് ചെയ്തത്.

Exit mobile version