സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ച സ്ത്രീയുടെ മൃതശരീരം കടിച്ചെടുത്ത് പൂച്ച; വീഡിയോ സോഷ്യല്‍മീഡിയയില്‍; പ്രതിഷേധം ശക്തം; നിഷേധിച്ച് അധികൃതര്‍

എന്നാല്‍ മൃതദേഹം പൂച്ച കടിച്ചില്ലെന്നും മൃതശരീരത്തില്‍ നക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്ന വിശദീകരണവുമായി ആശുപത്രി അധികൃതര്‍.

കോയമ്പത്തൂര്‍: സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരണപ്പെട്ട സ്ത്രീയുടെ മൃതശരീരം കടിക്കാന്‍ ശ്രമിക്കുന്ന പൂച്ചയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഇതോടെ ആശുപത്രിയ്ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. എന്നാല്‍ മൃതദേഹം പൂച്ച കടിച്ചില്ലെന്നും മൃതശരീരത്തില്‍ നക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്ന വിശദീകരണവുമായി ആശുപത്രി അധികൃതര്‍ ചൊവ്വാഴ്ച രംഗത്തെത്തി. ഇതോടെ ആശുപത്രി അധികൃതരുടെ അനാസ്ഥ നാട്ടുകാരെ പ്രകോപിപ്പിച്ചിരിക്കുകയാണ്.

മേട്ടുപ്പാളയം ബസ് സ്റ്റാന്‍ഡില്‍ അവശയായി കാണപ്പെട്ട സ്ത്രീയെ നവംബര്‍ 16 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാനസികവിഭ്രാന്തിയും പ്രകടിപ്പിച്ച ഇവര്‍ തിങ്കളാഴ്ച രാത്രിയോടം മരണപ്പെടുകയായിരുന്നു. അര്‍ധനഗ്നയായി നിലത്തു കിടന്ന സ്ത്രീയുടെ മൃതശരീരത്തിന്റെ കാലില്‍ പൂച്ച കടിക്കാന്‍ ശ്രമിക്കുന്നത് ആശുപത്രിയിലെ അറ്റന്‍ഡറിന്റെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ആശുപത്രി പരിസരത്ത് തെരുവുനായകളുടേയും പൂച്ചകളുടേയും ശല്യം വര്‍ധിച്ചത് കാരണം ശല്യം ഒഴിവാക്കാന്‍ കോര്‍പ്പറേഷന്‍ സ്വകാര്യ ഏജന്‍സിയെ ചുമതലപ്പെടുത്തിയതായും ആശുപത്രിയുടെ ചുറ്റുമതിലിന്റെ ഉയരം വര്‍ധിപ്പിച്ചതായും ഡീന്‍ ബി അശോകന്‍ മാധ്യമങ്ങളെ അറിയിച്ചു. മൃതശരീരം പൂച്ച കടിച്ചുവെന്ന വാര്‍ത്ത തെറ്റായി പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version