‘കോന്‍ ബനേഗാ ക്രോര്‍പതി’ പോലെ കോണ്‍ഗ്രസ് ‘കോന്‍ ബനേഗ മുഖ്യമന്ത്രി’ കളിക്കുകയാണ്.വിവാഹത്തോട് അനുബന്ധിച്ച ആഘോഷമായുളള യാത്ര വരികയാണ്, പക്ഷേ, വരന്‍ ആരാണെന്ന് അറിയാത്ത അവസ്ഥ പോലെയാണ് ഈ കാര്യം; പരിഹാസവുമായി രാജ്‌നാഥ് സിംഗ്

തെരഞ്ഞെടുപ്പ് ജയിക്കാന്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നയാള്‍ക്ക് അവിടെ എങ്ങനെ ഇരിക്കണമെന്ന് പോലും അറിയില്ലെന്നും തെരഞ്ഞെടുപ്പ് ജയിക്കാനാണ് രാഹുല്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു

ബൂര്‍ഹാന്‍പുര്‍: മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടക്കുന്നതിനിടെ കോണ്‍ഗ്രസിനെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ബിജെപി മുഖ്യമന്ത്രിയായി ശിവ്‌രാജ് സിംഗ് ചൗഹാനെ പ്രഖ്യാപിച്ച് കഴിഞ്ഞു. എന്നാല്‍, പ്രതിപക്ഷത്തിന് ഇതുവരെ അങ്ങനെ ഒരാളെ ഉയര്‍ത്തി കാട്ടാനായിട്ടില്ല. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാണെന്നുളളത് നിഗൂഢമായ കാര്യമാണ്. ഒരു വിവാഹത്തോടെ അനുബന്ധിച്ച ആഘോഷമായുളള യാത്ര വരികയാണ്. പക്ഷേ, ആര്‍ക്കും വരന്‍ ആരാണെന്ന് അറിയാത്ത അവസ്ഥ പോലെയാണ് ഈ കാര്യം എന്ന് അദ്ദേഹം കളിയാക്കി.

റിയാലിറ്റി ഷോ ആയ ‘കോന്‍ ബനേഗാ ക്രോര്‍പതി’ പോലെ കോണ്‍ഗ്രസ് ‘കോന്‍ ബനേഗ മുഖ്യമന്ത്രി’ കളിക്കുകയാണ്. കഴിഞ്ഞ 15 വര്‍ഷമായി മധ്യപ്രദേശില്‍ വികസനം കൊണ്ട് വന്ന ശിവ്‌രാജ് സിംഗ് ചൗഹാന്‍ മികച്ച ഭരണം നടത്തുന്നതിലെ ചാമ്പ്യന്‍ ആണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

മധ്യപ്രദേശില്‍ ഈ മാസം 28 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനിടയില്‍ ക്ഷേത്ര ദര്‍ശനങ്ങള്‍ നടത്തുന്ന രാഹുല്‍ ഗാന്ധിയെയും രാജ്‌നാഥ് സിംഗ് പരിഹസിച്ചു. തെരഞ്ഞെടുപ്പ് ജയിക്കാന്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നയാള്‍ക്ക് അവിടെ എങ്ങനെ ഇരിക്കണമെന്ന് പോലും അറിയില്ലെന്നും തെരഞ്ഞെടുപ്പ് ജയിക്കാനാണ് രാഹുല്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

അത്തരക്കാര്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചത് കൊണ്ട് ഒരിക്കലും തെരഞ്ഞെടുപ്പ് വിജയിക്കാന്‍ പോകുന്നില്ലയെന്നും രാജ്ന്ഥ് സിംഗ് കൂട്ടിച്ചേര്‍ത്തു. ബൂര്‍ഹാന്‍പുരില്‍ ബിജെപി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡിസംബര്‍ 11നാണ് മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ നടക്കുക.

Exit mobile version