ഫാത്തിമ ലത്തീഫിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്; ആരോപണവിധേയനായ അധ്യാപകനെ ചോദ്യം ചെയ്തു

ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. അഡീഷണല്‍ കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചതായി ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

കേസില്‍ ആരോപണ വിധേയനായ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇന്നലെ രാത്രിയോടെ ചെന്നൈയില്‍ മടങ്ങിയെത്തിയ സുദര്‍ശന്‍ പത്മനാഭനെ ഒന്നരമണിക്കൂറോളം സമയമാണ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തത്. എന്നാല്‍ സംശയകരമായ ഒന്നും കണ്ടെത്തിയില്ലെന്ന് പോലീസ് വിശദീകരിച്ചു.

ഫാത്തിമക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ തെരുവിലിറങ്ങി. സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അഡീഷണല്‍ കമീഷണര്‍ ഈശ്വര മൂര്‍ത്തിയ്ക്കാണ് അന്വേഷണ ചുമതല. അധ്യാപകന്‍ സുദര്‍ശന്‍ ഉള്‍പ്പെടെ 25 പേരെ ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍ ഒന്നും കണ്ടെത്താനായിട്ടില്ല. പ്രത്യേക ശ്രദ്ധ ഈ കേസില്‍ നല്‍കുന്നുണ്ടെന്ന് കമ്മീഷണര്‍ എകെ വിശ്വനാഥന്‍ പറഞ്ഞു.

ക്യാമ്പസിനുള്ളില്‍ മതപരമായ വേര്‍തിരിവുണ്ടെന്ന ആരോപണം ഐഐടി നിഷേധിച്ചു. അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിരാണ് ജീവനൊടുക്കാന്‍ കാരണമെന്ന ആത്മഹത്യാക്കുറിപ്പ് ഫാത്തിമയുടെ ഫോണില്‍ നിന്നും കണ്ടെത്തിയിരുന്നു. ഈ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

ഫാത്തിമയുടെ മരണത്തില്‍ സത്യം പുറത്തു വരണമെന്നും നീതി നടപ്പാക്കണമെന്നും ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ആത്മഹത്യ പ്രശ്‌നത്തില്‍ നീതി ലഭ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു.

Exit mobile version