ഫാത്തിമ ലത്തീഫിന്റെ മരണം; വിദ്യാര്‍ത്ഥികളുടെ നിരാഹാര സമരം അവസാനിച്ചു; ആവശ്യം അധികൃതര്‍ അംഗീകരിച്ചു

ചെന്നൈ: മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തി വന്ന നിരാഹാര സമരം അവസാനിച്ചു. വിദ്യാര്‍ത്ഥികളുടെ രണ്ട് ആവശ്യം അധികൃതര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.

ആഭ്യന്തര അന്വേഷണത്തില്‍ ഡയറക്ടര്‍ തിരിച്ചെത്തിയാലുടന്‍ തീരുമാനമുണ്ടാകുമെന്നും, എല്ലാ വകുപ്പുകളിലും പരാതി പരിഹാര സെല്‍ രൂപീകരിക്കും. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ വിദഗ്ധരുടെ സേവനം ലഭ്യമാക്കുമെന്നും ഡീന്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

ആഭ്യന്തര അന്വേഷണം നടത്തില്ലെന്ന് മദ്രാസ് ഐഐടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ നിലവില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. അതിനാല്‍ ആഭ്യന്തര അന്വേഷണം എന്ന ആവശ്യം പരിഗണിക്കാന്‍ കഴിയില്ലെന്നായിരുന്നു ഐഐടിയുടെ നിലപാട്. എന്നാല്‍ ആവശ്യം അംഗീകരിക്കുന്നത് വരെ
നിരാഹാര സമരം ചെയ്യുമെന്നായിരുന്നു വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കിയത്. ഒടുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അധികൃതര്‍ക്ക് മുട്ട് മടക്കേണ്ടി വരികയായിരുന്നു.

അതെസമയം ഫാത്തിമയുടെ മരണത്തില്‍ ആരോപണവിധേയരായ ഐഐടി അധ്യാപകര്‍ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവരെയും ഇന്ന് വീണ്ടും ചോദ്യംചെയ്യും. ഇവരെ ക്രൈംബ്രാഞ്ച് ഇന്നലെ രണ്ടര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

കൂടാതെ ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സഹപാഠികളുടെ മൊഴി വീണ്ടും എടുക്കും. നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ഫാത്തിമയുടെ മൊബൈല്‍ ഫോണിന്റെ ഫോറന്‍സിക് പരിശോധനാഫലം വിശദമായി പരിശോധിച്ച ശേഷമേ തുടര്‍ നടപടി ഉണ്ടാകു.

Exit mobile version