എന്റെയും കുടുംബത്തിന്റെയും ജീവന്‍ രക്ഷിച്ച സഹോദരീ സഹോദരങ്ങള്‍ക്ക് നന്ദി: എസ്പിജി അംഗങ്ങള്‍ക്ക് നന്ദിയറിയിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: നെഹ്‌റു കുടുംബത്തിന്റെ എസ്പിജി സുരക്ഷ കേന്ദ്രം പിന്‍വലിച്ചതിന് പിന്നാലെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗാര്‍ഡ് അംഗങ്ങള്‍ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

‘കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എന്റെയും കുടുംബത്തിന്റെയും ജീവന്‍ രക്ഷിക്കുന്നതിന് അക്ഷീണം പ്രയത്‌നിച്ച എസ്പിജിയിലെ എന്റെ സഹോദരീ സഹോദരങ്ങള്‍ക്ക് നന്ദി പറയുന്നു. നിങ്ങളുടെ അര്‍പ്പണത്തോടെയും പിന്തുണയോടെയുമുള്ള എന്റെ യാത്രകള്‍ സ്‌നേഹപൂര്‍വമായിരുന്നു. അതൊരനുഗ്രഹമായിരുന്നു. എല്ലാവര്‍ക്കും നന്ദി. നിങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു’.-രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. സോണിയാഗാന്ധി, രാഹുല്‍, പ്രിയങ്ക എന്നിവര്‍ക്ക് ഗൗരവമായ സുരക്ഷാ ഭീഷണിയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ തീരുമാനം. എസ്പിജി സുരക്ഷക്ക് പകരം സിആര്‍പിഎഫിന്റെ ഇസഡ്പ്ലസ് സുരക്ഷ നല്‍കും.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി മക്കളായ രാഹുല്‍ഗാന്ധി, പ്രിയങ്കഗാന്ധി എന്നിവര്‍ക്കാണ് നിലവില്‍ എസ്പിജി സുരക്ഷ ഉണ്ടായിരുന്നത്. ഇതോടെ ഇനി മുതല്‍ പ്രധാനമന്ത്രിയ്ക്ക് മാത്രമാണ് എസ്പിജി സുരക്ഷ.

അതേസമയം, എസ്പിജി സുരക്ഷ പിന്‍വലിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. രാഷ്ട്രീയ പകപോക്കലില്‍ നേതാക്കളുടെ ജീവന്‍ പന്താടുകയാണെന്ന് എഐസിസി ജനറല്‍സെക്രട്ടറി കെസി വേണുഗോപാല്‍ പ്രതികരിച്ചു. രാഷ്ട്രീയ പകപോക്കലാണെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീടിന് മുന്നില്‍ പ്രതിഷേധിക്കുകയാണ്.

Exit mobile version