‘കുട്ടി സുരക്ഷിതനാണെന്ന് ഉറപ്പാക്കാന്‍ എല്ലാശ്രമവും നടത്തുന്നുണ്ട്, അവനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു’; കുഴല്‍ക്കിണറില്‍ വീണ രണ്ടരവയസ്സുകാരനായി പ്രാര്‍ത്ഥനയോടെ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടരവയസ്സുകാരനെ രക്ഷിക്കാന്‍ വേണ്ടി തീവ്രശ്രമം തുടരവെ പ്രാര്‍ത്ഥനകളോടെ പ്രധാനമന്ത്രി നരേന്ദ്രമോഡി. കുട്ടി സുരക്ഷിതനാണെന്ന് ഉറപ്പാക്കാന്‍ എല്ലാശ്രമവും നടത്തുന്നുണ്ടെന്നും കുട്ടിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

എടപ്പാടി പളനിസ്വാമിയുമായി സ്ഥിതിഗതികളെക്കുറിച്ച് സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണ തിരുച്ചിറപ്പള്ളി നാട്ടുകാട്ടുപെട്ടിയില്‍ ബ്രിട്ടോയുടെ മകന്‍ സുജിത്തിനുവേണ്ടി രാജ്യമൊന്നടങ്കം പ്രാര്‍ത്ഥനയോടെ കഴിയുകയാണ്.

വെള്ളിയാഴ്ച വൈകീട്ടാണ് രണ്ടരവയസ്സുകാരന്‍ കുഴല്‍കിണറില്‍ വീണത്. 60 മണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടിയെ പുറത്തെത്തിക്കാന്‍ സാധിച്ചിട്ടില്ല. 600 അടി ആഴമുള്ള കിണറ്റിലാണ് കുട്ടി കുടുങ്ങികിടക്കുന്നത്. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ കുട്ടി വീണ്ടും ആഴത്തിലേക്ക് വീഴുകയായിരുന്നു.

രാപകലില്ലാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെങ്കിലും സുജിത്തിന്റെ അടുത്തേക്ക് എത്താന്‍ ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടില്ല. മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന കുഞ്ഞിക്കൈകളും കുഴല്‍ക്കിണറിന് ഉള്ളിലെ താപനിലയുമാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്.

Exit mobile version