ശൈശവ വിവാഹത്തിന് പിതാവ് നിര്‍ബന്ധിക്കുന്നു, സഹായിക്കണം; മുഖ്യമന്ത്രിയുടെ വീട്ടില്‍ എത്തി അഭ്യര്‍ത്ഥനയുമായി 15കാരി

രാജ്സ്ഥാനിലെ ടോങ്ക് ജില്ലയില്‍ നിന്നാണ് പെണ്‍കുട്ടി എത്തിയത്.

ജയ്പൂര്‍: പിതാവ് തന്നെ ശൈശവ വിവാഹത്തിന് നിര്‍ബന്ധിക്കുന്നുവെന്ന പരാതിയുമായി 15 വയസുകാരി. രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയാണ് 15കാരി തന്റെ സങ്കടം പറഞ്ഞത്. വാതിലില്‍ മുട്ടിവിളിച്ചാണ് പെണ്‍കുട്ടി അഭ്യര്‍ഥന മുഖ്യമന്ത്രിയായ അശോക് ഗെഹ്ലോട്ടിന് കൈമാറിയത്.

രാജ്സ്ഥാനിലെ ടോങ്ക് ജില്ലയില്‍ നിന്നാണ് പെണ്‍കുട്ടി എത്തിയത്. അഭ്യര്‍ത്ഥന വാക്കാലാണ് സമര്‍പ്പിച്ചതെന്ന് ഓഫീസ് അറിയിച്ചു. തന്റെ ബന്ധുവിനൊപ്പമാണ് പെണ്‍കുട്ടി മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്. പിതാവ് തന്നെ നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. മാതാവ് മരിച്ചതിനുശേഷം പിതാവാണ് തന്നെ നോക്കുന്നതെന്നും അതിന് പിന്നാലെയാണ് അച്ഛന്‍ വിവാഹത്തിന് തന്നെ നിര്‍ബന്ധിക്കുന്നതെന്നും പെണ്‍കുട്ടി പറയുന്നു.

സംഭവത്തെ തുടര്‍ന്ന് കുട്ടിയെ സംരക്ഷിക്കമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം കൈമാറി. ആഗ്രഹങ്ങള്‍ ആരാഞ്ഞ മുഖ്യമന്ത്രി അത് നടത്തിയെടുക്കുന്നതിന് സഹായം നല്‍കുമെന്നും പെണ്‍കുട്ടിക്ക് ഉറപ്പ് നല്‍കുകയും ചെയ്തു.

Exit mobile version