പാര്‍ട്ടി പറഞ്ഞാല്‍ ഡല്‍ഹിയുടെ മുഖ്യമന്ത്രി ആകാനും തയ്യാര്‍; തുറന്ന് പറഞ്ഞ് ഗൗതം ഗംഭീര്‍

' അത്തരമൊരു അവസരം വന്നാല്‍ അതൊരു ബഹുമതിയാണ്. വലിയ ഉത്തരവാദിത്വവുമാണ്'- ഗംഭീര്‍ പറയുന്നു

ന്യൂഡല്‍ഹി: പാര്‍ട്ടി പറഞ്ഞാല്‍ ഡല്‍ഹിയുടെ മുഖ്യമന്ത്രി ആകുന്നതടക്കമുള്ള ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ബിജെപി എംപി ഗൗതം ഗംഭീര്‍. ‘മുഖ്യമന്ത്രി സ്ഥാനമെന്നത് കേവലമൊരു സ്വപ്നം മാത്രമായിരിക്കും. എങ്കിലും അത്തരമൊരു അവസരം വന്നാല്‍ അതൊരു ബഹുമതിയാണ്. വലിയ ഉത്തരവാദിത്വവുമാണ്’- ഗംഭീര്‍ പറയുന്നു.

ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം രാഷ്ട്രീയത്തില്‍ സജീവമായ ഗംഭീര്‍ കിഴക്കന്‍ ഡല്‍ഹിയില്‍ നിന്ന് മത്സരിച്ച് വിജയിച്ചാണ് പാര്‍ലമെന്റ് അംഗമായത്. മുഖ്യമന്ത്രി സ്ഥാനം പോലുള്ള വലിയ ഉത്തരവാദിത്വങ്ങള്‍ പാര്‍ട്ടി പറഞ്ഞാല്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംപിയായ യോഗി ആദിത്യനാഥ് യുപി നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷമാണ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. അതു പോലെ തന്നോടും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഡല്‍ഹി മുഖ്യമന്ത്രിയാകുമെന്നും ഗംഭീര്‍ പറഞ്ഞു.

Exit mobile version