ചീത്തപ്പേര് മാറ്റും; ട്രെയിനുകള്‍ വൈകിയാല്‍ യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ഒരുങ്ങി റെയില്‍വേ

യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമാണ് റെയില്‍വേയുടെ പുതിയ തീരുമാനം

ന്യൂഡല്‍ഹി: മണിക്കൂറുകളോളം വൈകിയാണ് ട്രെയിനുകള്‍ പലപ്പോഴും അതിന്റെ ലക്ഷ്യസ്ഥാനത്തെത്തുന്നു. ഇത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. എന്നാല്‍ ഈ ചീത്തപ്പേര് മാറ്റാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഇനിമുതല്‍ ട്രെയിന്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് റെയില്‍വേയുടെ തീരുമാനം

യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമാണ് റെയില്‍വേയുടെ പുതിയ തീരുമാനം. സ്വകാര്യമേഖലയ്ക്കു കൈമാറിയ ഡല്‍ഹി- ലക്‌നൗ തേജസ് ട്രെയിന്‍ നടത്തിപ്പുകാരായ ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷനാണു (ഐആര്‍സിടിസി) ട്രെയിനുകള്‍ വൈകിയോടിയാല്‍ നഷ്ടപരിഹാരം നല്കുന്നത്.

ഒരു മണിക്കൂറാണ് ട്രെയിന്‍ വൈകുന്നതെങ്കില്‍ യാത്രക്കാരന് 100 രൂപയാണ് നഷ്ടപരിഹാരം നല്‍കുക. രണ്ട് മണിക്കൂറിലേറെ വൈകിയാല്‍ നഷ്ടപരിഹാരത്തുക 250 ആയി ഉയരും. 4 നു ഫ്‌ലാഗ് ഓഫ് ചെയ്യുന്ന തേജസിന്റെ ആദ്യ സര്‍വ്വീസ് ഈ മാസം 5 നാണ്.

Exit mobile version