നയതന്ത്ര കാര്യത്തില്‍ പ്രധാനമന്ത്രിയുടെ കഴിവില്ലായ്മ പരിഹരിച്ചതിന് ജയ്ശങ്കറിന് നന്ദി; രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്

ജയ്ശങ്കര്‍ വിശദീകരണം നല്‍കിയതിന് നന്ദി അറിയിച്ചാണ് ഇപ്പോള്‍ രാഹുല്‍ രംഗത്തെത്തിയത്

ന്യൂഡല്‍ഹി: നയതന്ത്ര കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കഴിവില്ലായ്മ പരിഹരിച്ചതിന് വിദേശകാര്യ മന്ത്രി ജയ്ശങ്കറിന് നന്ദി അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഡൊണാള്‍ഡ് ട്രംപിനെ വീണ്ടും യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കണമെന്ന് ആഹ്വാനം ചെയ്യുന്ന രീതിയില്‍ മോഡി പ്രസ്താവന നടത്തിയിരുന്നു. ഇതില്‍ ജയ്ശങ്കര്‍ വിശദീകരണം നല്‍കിയതിന് നന്ദി അറിയിച്ചാണ് ഇപ്പോള്‍ രാഹുല്‍ രംഗത്തെത്തിയത്.

ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ട്രംപിനെ അനുകൂലിച്ച് മോദി നടത്തിയ പ്രകടനം ഇന്ത്യയും ഡെമോക്രാറ്റുകളും തമ്മില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നും നിങ്ങളുടെ ഇടപെടലിലൂടെ അത് പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജയ്ശങ്കറിനെ പരാമര്‍ശിച്ച ട്വീറ്റില്‍ പറയുന്നു.

നമ്മുടെ പ്രധാനമന്ത്രിക്ക് നയതന്ത്രത്തിലുള്ള കഴിവില്ലായ്മ മൂടിവെച്ചതിന് താങ്കളോട് നന്ദി അറിയിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ നയതന്ത്ര കാര്യങ്ങളില്‍ താങ്കള്‍ അദ്ദേഹത്തിന് കുറച്ച് പരിശീലനം നല്കണമെന്നും രാഹുല്‍ പറഞ്ഞു.ഹൗഡി മോഡി പരിപാടിക്കിടെയാണ് ‘ഒരിക്കല്‍ കൂടി ട്രംപ് സര്‍ക്കാര്‍’ എന്ന മുദ്രാവാക്യത്തോടെ മോഡി ട്രംപിനെ വേദിയിലേയ്ക്ക് സംസാരിക്കാന്‍ ക്ഷണിച്ചത്.

ഈ പരമാര്‍ശം പിന്നീട് വിവാദമായി മാറിയിരുന്നു. അതിനിടെയാണ് വിശദീകരണവുമായി വിദേശകാര്യ മന്ത്രി എത്തിയത്. പ്രധാനമന്ത്രിയുടെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് വാഷിങ്ടണില്‍ എത്തിയപ്പോഴാണ് ജയ്ശങ്കര്‍ ഇക്കാര്യം പറഞ്ഞത്.

Exit mobile version