സിആര്‍പിഎഫ് ജവാന്മാരുടെ പ്രതിമാസ റേഷന്‍തുക കേന്ദ്രം റദ്ദാക്കി

ന്യൂഡല്‍ഹി: രാജ്യത്തെ സിആര്‍പിഎഫ് ജവാന്മാരുടെ പ്രതിമാസ റേഷന്‍തുക കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞു. സാമ്പത്തിക പ്രതിസന്ധി മറയാക്കിയാണ് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് ശമ്പളത്തോടൊപ്പം നല്‍കിയിരുന്ന 3636 രൂപ തുക കേന്ദ്രം പിന്‍വലിച്ചത്.

ഡ്യൂട്ടിക്കിടെ കഴിക്കേണ്ട ഭക്ഷണത്തിനുവരെ സ്വന്തം പണം ചെലവഴിക്കേണ്ട ഗതികേടിലാണ് സിആര്‍പിഎഫുകാര്‍. കശ്മീരിലടക്കം പ്രതികൂലസാഹചര്യങ്ങളില്‍ ജോലിയെടുക്കുന്നവരാണ് സിആര്‍പിഎഫുകാര്‍. നല്ല ഭക്ഷണം ലഭിക്കുന്നതിന് പണം തടസ്സമാകാതിരിക്കാനും ആരോഗ്യം ഉറപ്പുവരുത്താനുമാണ് തുക അനുവദിച്ചിരുന്നത്.

ശമ്പളത്തോടൊപ്പം ലഭിച്ചിരുന്ന റേഷന്‍തുക ഉപയോഗിച്ചാണ് മെസുകളില്‍ ഭക്ഷണം തയ്യാറാക്കിയിരുന്നത്. ഒക്ടോബര്‍ ആദ്യവാരം ലഭിക്കേണ്ട സെപ്തംബറിലെ ശമ്പളബില്ലില്‍ റേഷന്‍തുക പൂജ്യം എന്നാണ് രേഖപ്പെടുത്തിയത്.

ഒക്ടോബറിലെ ശമ്പളത്തില്‍ വിഹിതമുണ്ടാകില്ലെന്ന് കേന്ദ്രആസ്ഥാനത്തുനിന്ന് യൂണിറ്റുകള്‍ക്ക് അറിയിപ്പ് ലഭിച്ചിരുന്നു. വിഹിതത്തിനായി ആവശ്യപ്പെട്ട 800 കോടിരൂപ കേന്ദ്രആഭ്യന്തര മന്ത്രാലയം അനുവദിക്കാത്തതിനാല്‍ ഒഴിവാക്കുന്നതായാണ് അറിയിപ്പിലുള്ളത്.

പണം ആവശ്യപ്പെട്ട് ജൂലൈ 22നും ആഗസ്ത് എട്ടിനും സെപ്തംബര്‍ നാലിനും സിആര്‍പിഎഫ് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിട്ടും മറുപടിയുണ്ടായില്ല. സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ അനുവദിക്കാനാകില്ലെന്നാണ് വിശദീകരണം.

ആദ്യമായാണ് വിഹിതം മുടങ്ങുന്നതെന്ന് സിആര്‍പിഎഫ് വൃത്തങ്ങള്‍ പറഞ്ഞു. കോണ്‍സ്റ്റബിള്‍, ഹെഡ് കോണ്‍സ്റ്റബിള്‍, എഎസ്ഐ, എസ്ഐ, ഇന്‍സ്പെക്ടര്‍ തുടങ്ങി ഗസറ്റിതര റാങ്കിലുള്ളവര്‍ക്കാണ് അര്‍ഹത.

ഖജനാവിലേക്ക് വരേണ്ടിയിരുന്ന 1.45 ലക്ഷം കോടി വേണ്ടെന്നുവച്ച് വന്‍കിട കോര്‍പറേറ്റുകള്‍ക്ക് നികുതിയിളവ് നല്‍കിയ സര്‍ക്കാരാണ് മൂന്നു ലക്ഷത്തോളം ഭടന്‍മാരുടെ ആനുകൂല്യം ഇല്ലാതാക്കിയത്. കേന്ദ്രനടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Exit mobile version