ഛത്തീസ്ഗഢിൽ ബന്ദിയാക്കിയ ജവാന് വെടിയേറ്റു; ചികിത്സയിലാണെന്ന് മാവോവാദികൾ; ചർച്ചയ്ക്കും തയ്യാർ

bijapur jawan_

ബിജാപുർ: ഛത്തീസ്ഗഢിൽ ജവാന്മാരെ ആക്രമിച്ച് 22 പേരെ കൊലപ്പെടുത്തുകയും ഒരു ജവാനെ ബന്ദിയാക്കുകയും ചെയ്ത സംഭവത്തിൽ പ്രതികരിച്ച് മാവോവാദികൾ. ബന്ദിയാക്കിയ ജവാന് വെടിയേറ്റിട്ടുണ്ടെന്നും ജവാൻ ചികിത്സയിലാണെന്നും ഫോട്ടോയും വീഡിയോയും ഉടൻ പുറത്തുവിടുമെന്നും മാവോവാദികൾ അറിയിച്ചു.

കോബ്ര ബറ്റാലിയനിലെ കോൺസ്റ്റബിൾ രാകേശ്വർ സിങ് മൻഹാസിനേയാണ് മാവോവാദികളുമായുളള ഏറ്റുമുട്ടലിനെ തുടർന്ന് കാണാതായത്. ഏറ്റുമുട്ടലിൽ 24 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായും സിപിഐ മാവോവാദികൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നുണ്ട്. രണ്ടുപേജുളള പ്രസ്താവന ദണ്ഡകാരണ്യ സെപ്ഷൽ സോൺ കമ്മിറ്റിയുടെ വക്താവ് വികൽപിന്റെ പേരിലാണ് പുറത്തിറക്കിയിരിക്കുന്നത്.

സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച മാവോവാദികൾ ഇതിനായി മധ്യസ്ഥർ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ജവാന്റെ ജീവനെ ചൊല്ലി വിലപേശലൊന്നും മാവോവാദികൾ നടത്തിയിട്ടില്ല. ജവാനെ മോചിപ്പിക്കുന്നതിനായി മറ്റ് ഉപാധികളും ഇതുവരെ മുന്നോട്ടുവെച്ചിട്ടില്ല. ഛത്തീസ്ഗഢിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ തങ്ങളുടെ സംഘത്തിലെ നാലുപേർ കൊല്ലപ്പെട്ടതായും ഇവർ സ്ഥിരീകരിച്ചിട്ടുണ്ട്.

ആദിവാസി ആക്ടിവിസ്റ്റായ സോണി സോരി ജവാനെ മോചിപ്പിക്കണമെന്ന് മാവോവാദികളോട് അഭ്യർത്ഥിച്ചു. മധ്യസ്ഥതയ്ക്കും അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Exit mobile version