കേന്ദ്ര പോലീസ് സേനകളിലേക്കുള്ള പരീക്ഷ ഇനി മലയാളത്തിലും എഴുതാം; പ്രാദേശിക ഭാഷയിൽ പരീക്ഷ നടത്താമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ഇനി മുതൽ കേന്ദ്ര പോലീസ് സേനകളിലേക്കുള്ള പരീക്ഷ മലയാളത്തിലും എഴുതാം. മലയാളം ഉൾപ്പെടെ 13 പ്രാദേശിക ഭാഷകളിൽ പരീക്ഷ നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ 13 ഭാഷകളിലായി പരീക്ഷ എഴുതാൻ അവസരമൊരുക്കാനാണ് തീരുമാനം.

പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കുക, പ്രാദേശിക യുവാക്കൾ സിആർപിഎഫിൽ ചേരുന്നത് പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് തീരുമാനമെന്നാണ് അറിയിപ്പ്. സിആർപിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി ഉൾപ്പെടെ ഏഴ് പോലീസ് വിഭാഗങ്ങളിലേക്കുള്ള കോൺസ്റ്റബിൾ പരീക്ഷകളാണ് മലയാളത്തിൽ ഉൾപ്പടെ നടത്തുക. 2024 ജനുവരി ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും.

നേരത്തെ, കേന്ദ്ര പൊലീസ് സേനയിലേക്കുള്ള മത്സര പരീക്ഷകൾ ഹിന്ദിയും ഇംഗ്ലീഷും ഭാഷകളിൽ മാത്രം നടത്തുന്നതിനെതിരെ പ്രതിഷേധവുമായി തമിഴ്നാട്, തെലങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ രംഗത്തെത്തിയിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കേന്ദ്ര മന്ത്രി അമിത് ഷായ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു.

ALSO READ- ലോറി ബൈക്കിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച് തീപിടിച്ചു;താനൂരിൽ ബൈക്ക് യാത്രികന് തീപ്പൊള്ളലേറ്റ് ദാരുണമരണം

പ്രാദേശിക ഭാഷകൾ സംസാരിക്കുന്നവർക്ക് അവസരം കുറയാൻ ഹിന്ദി-ഇംഗ്ലീഷ് ഭാഷകളിൽ മാത്രം പരീക്ഷകൾ നടത്തുന്നത് കാരണമാകുന്നുണ്ടെന്നായിരുന്നു വിമർശനം. ഇതിനെതിരെ പ്രതിഷേധങ്ങൾ ഏറിയതോടെയാണ് തീരുമാനം.

Exit mobile version