അവശനിലയിലായ ഗർഭിണിയെ ആശുപത്രിയിലെത്തിക്കാൻ മാർഗ്ഗമില്ല; ആറ് കിലോമീറ്ററോളം കാട്ടിലൂടെ ചുമന്ന് ആശുപത്രിയിൽ എത്തിച്ച് സിആർപിഎഫ്; നന്മയ്ക്ക് നന്ദി പറഞ്ഞ് ഗ്രാമീണർ

ബിജാപുർ: ഛത്തീസ്ഗഡിലെ ബിജാപുർ ഗ്രാമത്തിൽ അവശനിലയിലായ ഗർഭിണിയെ ആശുപത്രിയിലെത്തിക്കാൻ മാർഗ്ഗമില്ലാതെ ആശങ്കയിലായ ഗ്രാമീണർക്ക് തണലായി സിആർപിഎഫ് സംഘം. കാട്ടിലൂടെ ആറ് കിലോമീറ്ററോളം ഗർഭിണിയെ കട്ടിലിൽ ചുമന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു സിആർപിഎഫ് നേനാംഗങ്ങൾ. ബിജാപൂർ ജില്ലയിലെ പഡേഡ ഗ്രാമത്തിലാണ് സംഭവം.

പഡേഡ ഗ്രാമം വനത്തോട് ചേർന്നുള്ള ഉൾപ്രദേശമാണ്. ഇവിടുത്തെ ഗ്രാമവാസികളുടെ ക്ഷേമം അന്വേഷിക്കാൻ എത്തിയ സിആർപിഎഫിന്റെ പതിവ് പട്രോളിങ് സംഘത്തോട് ഗ്രാമീണർ അവശനിലയിലായ ഗർഭിണിയെ കുറിച്ച് പറയുകയായിരുന്നു. റോഡില്ലാത്തതിനാൽ വാഹനങ്ങളൊന്നും എത്തിക്കാനും യുവതിയെ ആശുപത്രിയിൽ കൊണ്ടുപോകാനും സാധിക്കാത്ത അവസ്ഥയിലായിരുന്നു വീട്ടുകാരും ഗ്രാമീണരും.

വിഷമഘട്ടം മനസിലാക്കിയ സിആർപിഎഫ് ഒട്ടും സമയം കളയാതെ ബൂഡി എന്ന ഗർഭിണിയായ യുവതിയെ കട്ടിലിൽ ചുമന്ന് കാടിന് പുറത്തെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. കമാൻഡർ അവിനാഷ് റായ് ആണ് ഈ തീരുമാനമെടുത്തതും മുന്നിൽ നിന്ന് കാര്യങ്ങൾ നയിച്ചതും. യുവതിയെ ചുമന്ന് റോഡിലെത്തിച്ചാലുടൻ ബിജാപുർ ജില്ലാ ആശുപത്രിയിലെത്തിക്കാൻ വാഹനസൗകര്യവും ഒരുക്കിയിരുന്നു. പ്രസവം അടുത്തിരുന്നതിനാൽ സമയത്ത് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത് കൊണ്ട് യുവതിയുടെ ജീവൻ രക്ഷിക്കാനായെന്ന് ആശുപത്രി അധികൃതരും പിന്നീട് പ്രതികരിച്ചു.

Exit mobile version