സിബിഐ ദൈവമല്ല, എല്ലാ കേസുകളും ഏൽപ്പിക്കേണ്ട ആവശ്യമില്ല; നിരീക്ഷിച്ച് സുപ്രീംകോടതി

പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് പരിഗണിക്കുന്നതിനിടെ ആയിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.

ന്യൂഡൽഹി: എല്ലാ കേസുകളും സിബിഐയ്ക്ക് വിടണമെന്നില്ലെന്ന് നിരീക്ഷിച്ച് സുപ്രീം കോടതി. സിബിഐ ദൈവമല്ലെന്നും എല്ലാ കേസുകളും ഈ അന്വേഷണ ഏജൻസിക്ക് വിടേണ്ടതില്ലെന്നും സുപ്രീംകോടതി ജസ്റ്റിസുമാരായ എൻവി രമണ, സഞ്ജീവ് ഖന്ന എന്നിവരുൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. ഒരു വ്യക്തിയെ കാണാതായ കേസ് പോലീസിൽ നിന്ന് സിബിഐക്ക് അന്വേഷണം കൈമാറിയ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് പരിഗണിക്കുന്നതിനിടെ ആയിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.

സിബിഐ ദൈവമല്ല. അവർക്ക് എല്ലാം സാധിക്കണമെന്നില്ലെന്നും ജസ്റ്റിസ് രമണ പറഞ്ഞു. ഹൈക്കോടതിയുടെ ഉത്തരവിനോട് യോജിക്കുന്നില്ലെന്നും കോടതി അറിയിച്ചു. 2017-ൽ ഒരാളെ കാണാതായതുമായി ബന്ധപ്പെട്ടുള്ള കേസിന്റെ അന്വേഷണമാണ് ഹൈക്കോടതി സിബിഐയെ ഏൽപിച്ചത്. ഇതിനെ വിമർശിക്കുകയായിരുന്നു കോടതി.

കേസിന്റെ അന്വേഷണം പോലീസിന് തന്നെ നടത്താവുന്നതേയുള്ളൂവെന്ന് സിബിഐയും കോടതിയെ അറിയിച്ചിരുന്നു. സിബിഐയുടെ ഈ വാദം അംഗീകരിച്ചാണ് സുപ്രീംകോടതി നിരീക്ഷണം. എല്ലാ കേസുകളും സിബിഐക്ക് വിടേണ്ടതില്ലെന്നും. ഇതുപോലെ മറ്റെല്ലാ കേസുകളും സിബിഐക്ക് വിടാൻ തുടങ്ങിയാൽ അത് ആകെ അലങ്കോലമാകും. അത് അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Exit mobile version