രാഷ്ട്രപതി ഭവനിലെ സെന്‍ട്രല്‍ സെക്രട്ടേറിയറ്റിനു സമീപം ഡ്രോണ്‍ പറത്തി; അമേരിക്കന്‍ പൗരന്മാരായ അച്ഛനും മകനും പിടിയില്‍

ശനിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനു സമീപം ഡ്രോണ്‍ പറത്തിയ അമേരിക്കന്‍ പൗരന്മാരായ അച്ഛനും മകനും ഡല്‍ഹി പോലീസ് പിടിയില്‍. പീറ്റര്‍ ജെയിംസ് ലിന്‍, (65), മകന്‍ ജി എല്‍ ലിന്‍(30) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.

ഡല്‍ഹിയില്‍ ഡ്രോണ്‍ പറത്തുന്നതിന് നിരോധനമുണ്ട്. നിയമം ലംഘിച്ച് രാഷ്ട്രപതി ഭവനിലെ സെന്‍ട്രല്‍ സെക്രട്ടേറിയറ്റിനു സമീപം ഡ്രോണ്‍ പറത്തിയതിനാണ് ഇരുവരെയും പോലീസ് പിടികൂടിയത്. ഡ്രോണില്‍ ഘടിപ്പിച്ചിരുന്ന വീഡിയോ ക്യാമറ ഉപയോഗിച്ച് ഇവര്‍ പകര്‍ത്തിയ,അതീവസുരക്ഷാ മേഖലയായ സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് ഏരിയയുടെ ചിത്രങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

എന്നാല്‍ ഡല്‍ഹിയില്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് നിരോധനമുണ്ടെന്ന കാര്യം തങ്ങള്‍ക്ക് അറിയില്ലായിരുന്നെന്നാണ് ഇരുവരും പോലീസിനോടു പറഞ്ഞത്. തങ്ങള്‍ ഒരു ഓണ്‍ലൈന് സ്ഥാപനത്തിനു വേണ്ടി ജോലി ചെയ്യുന്നവരാണെന്നും അതിനു വേണ്ടിയാണ് വീഡിയോ പകര്‍ത്തിയതെന്നും ഇരുവരും പറഞ്ഞതായി പോലീസ് അറിയിച്ചു.

ശനിയാഴ്ച വൈകിട്ട് ശനിയാഴ്ച ടൂറിസ്റ്റ് വിസയിലാണ് ഇരുവരും ഇന്ത്യയിലെത്തിയതെന്ന് പോലീസ് പറഞ്ഞു. . ഇരുവരെ കുറിച്ചും സംശയകരമായ ഒന്നും ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും എന്നാല്‍ സംഭവത്തെ കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

Exit mobile version