രാജ്യത്ത് സാമ്പത്തിക മുരടിപ്പുള്ളതായി സമ്മതിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തി; രാഹുല്‍ഗാന്ധി

ഇന്ത്യക്ക് വേണ്ടത് മണ്ടന്‍ സിദ്ധാന്തങ്ങളും സംഘടിതമായ ആശയപ്രചാരണവുമല്ല

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക മുരടിപ്പുള്ളതായി സമ്മതിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് രാഹുല്‍ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ കേന്ദ്രസര്‍ക്കാരിനെതിരേ വീണ്ടും വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങളെ നേരിടാന്‍ ആദ്യം ചെയ്യേണ്ടത് പ്രശ്‌നങ്ങളെ അംഗീകരിക്കലാണെന്നും രാഹുല്‍ കുറിച്ചു.

ഇന്ത്യക്ക് വേണ്ടത് മണ്ടന്‍ സിദ്ധാന്തങ്ങളും സംഘടിതമായ ആശയപ്രചാരണവുമല്ല. കെട്ടിച്ചമച്ച വാര്‍ത്തകളും വേണ്ട. ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങളെ നേരിടുകയാണ് വേണ്ടത്. അതിന് തുടക്കംകുറിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം പ്രശ്‌നങ്ങളെ അംഗീകരിക്കലാണെന്നാണ് രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തത്.

പുതിയതലമുറ ടാക്‌സി സര്‍വ്വീസുകളായ ഒല, ഊബര്‍ ടാക്‌സികള്‍ ഉപയോഗിക്കുന്നതാണ് വാഹന വിപണിയിലെ മുരടിപ്പിന് കാരണമെന്ന് കഴിഞ്ഞദിവസം ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു. ഇൗ പ്രസ്താവന പിന്നീട് വന്‍ വിവാദമായി മാറുകയും ചെയ്തു. ഇതിനെതിരേ രൂക്ഷമായ പരിഹാസമാണ് സോഷ്യല്‍മീഡിയയിലൂടെ ഉണ്ടായത്.

Exit mobile version