രാജ്യം കനത്ത ജാഗ്രതയില്‍: കാശ്മീരില്‍ എട്ട് ലഷ്‌കറെ ഭീകരര്‍ പിടിയില്‍

ന്യൂഡല്‍ഹി: ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസഹ്‌റിനെ പാക്കിസ്ഥാന്‍ ജയില്‍ മോചിതനാക്കിയെന്ന റിപ്പോര്‍ട്ടിന് പിന്നാലെ രാജ്യത്ത് കനത്ത ജാഗ്രത തുടരുന്നതിനിടെ എട്ട് ലഷ്‌കറെ ത്വയിബ ഭീകരര്‍ സൈന്യത്തിന്റെ പിടിയില്‍. കാശ്മീരിലെ സോപോറില്‍ നിന്നാണ് ഭീകരരെ പിടികൂടിയത്. നിയന്ത്രണരേഖയിലെ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

നേരത്തെ, ഗുജറാത്ത് തീരത്ത് പാക്കിസ്ഥാന്‍ ബോട്ടുകള്‍ ഉപേക്ഷിച്ച നിലയില്‍ സൈന്യം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കരസേന നല്‍കിയിരുന്നത്.

അതിനിടെ, കശ്മീരിലേക്ക് നുഴഞ്ഞുകയറാനുള്ള പാക് സൈന്യത്തിന്റെ ഭാഗമായ ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്റെ (ബാറ്റ്) ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കുപ്പുവാരയിലെ കേരനില്‍ ബി.എ.റ്റിയുടെ അഞ്ച് അംഗങ്ങളെയാണ് സൈന്യം വധിച്ചത്. ഇതിന്റെ വീഡിയോ ആണ് കരസേന പുറത്തുവിട്ടത്.

Exit mobile version