അറസ്റ്റ് ചെയ്യാനുള്ള മിഷന്‍ വിജയകരമായി പൂര്‍ത്തീകരിച്ച ബിജെപി സുഹൃത്തുക്കള്‍ക്ക് അഭിനന്ദനം: പോരാട്ടം ജയിച്ച് തിരിച്ചുവരുമെന്നും ഡികെ ശിവകുമാര്‍

ന്യൂഡല്‍ഹി: തന്റെ അറസ്റ്റിന് പിന്നില്‍ ബിജെപിയുടെ പ്രതികാര രാഷ്ട്രീയമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍. തന്നെ അറസ്റ്റു ചെയ്യുകയെന്ന മിഷന്‍ ഒടുവില്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിന് ബിജെപി സുഹൃത്തുക്കളെ അഭിനന്ദിക്കുന്നെന്ന് ശിവകുമാര്‍ ട്വീറ്റ് ചെയ്തു. തനിക്കെതിരായ ഐടി, ഇഡി കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണ്. ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിന്റെയും കുടിപ്പകയുടെയും ഇരയാണ് താനെന്നും ശിവകുമാര്‍ ട്വീറ്റില്‍ വിശദമാക്കി.

അറസ്റ്റില്‍ മനസ്സ് മടുത്ത് പോകരുതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. നിയമപരമായും രാഷ്ട്രീയപരമായും പോരാട്ടം ജയിച്ച് തിരിച്ചുവരും. ദൈവത്തിലും രാജ്യത്തിന്റെ നിയമവ്യവസ്ഥയിലും പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ഡി.കെ ശിവകുമാര്‍ ട്വീറ്റ് ചെയ്തു.

ഡികെ ശിവകുമാറിന്റെ ട്വീറ്റ്:

എന്നെ അറസ്റ്റ് ചെയ്യുകയെന്ന മിഷന്‍ ഒടുവില്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിന് എന്റെ ബിജെപി സുഹൃത്തുക്കളെ ഞാന്‍ അഭിനന്ദിക്കുന്നു.

എനിക്കെതിരെയുള്ള ആദായനികുതി വകുപ്പിന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും കേസുകള്‍ രാഷ്ട്രീയപ്രേരിതമാണ്. ബിജെപിയും പ്രതികാര രാഷ്ട്രീയത്തിന്റെയും കുടിപ്പക രാഷ്ട്രീയത്തിന്റെയും ഇരയാണ് ഞാന്‍.

ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടികള്‍ ശിവകുമാര്‍ നല്‍കുന്നില്ലെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിലപാട്. പല തരത്തിലുള്ള ചോദ്യങ്ങളില്‍ നിന്നും ശിവകുമാര്‍ ഒഴിഞ്ഞുമാറുന്ന സമീപനമാണ് സ്വീകരിച്ചത്. നിരവധി രേഖകളും തെളിവുകളുമടക്കം ശേഖരിക്കേണ്ട ഉത്തരവാദിത്തവുമുണ്ടെന്നും അന്വേഷണസംഘം പറഞ്ഞു.

Exit mobile version