കാവേരി നദിയില്‍ മതിയായ വെള്ളമില്ല; തമിഴ്നാടിന് വെള്ളം നല്‍കാന്‍ പറ്റില്ലെന്ന് ഡികെ ശിവകുമാര്‍

ബംഗളൂരു: കാവേരി നദിയില്‍ നിന്ന് തമിഴ്നാടിന് വെള്ളം നല്‍കാന്‍ കര്‍ണാടകയ്ക്ക് സാധിക്കില്ലെന്ന് ഉപമുഖ്യമന്ത്രിയും ജലവിഭവ വകുപ്പ് മന്ത്രിയുമായ ഡികെ ശിവകുമാര്‍. നദിയില്‍ മതിയായ വെള്ളമില്ലാത്തതിനാലാണ് തമിഴ്നാടിന് വെള്ളം നല്‍കാന്‍ സാധിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. കാവേരി വാട്ടര്‍ റെഗുലേഷന്‍ കമ്മിറ്റി (സിഡബ്ല്യുആര്‍സി) പ്രതിദിനം 2,600 ക്യൂസെക്സ് തോതില്‍ വെള്ളം നവംബര്‍ ഒന്നുമുതല്‍ 15 ദിവസത്തേക്ക് കാവേരിയില്‍ നിന്ന് തമിഴ്നാടിന് നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു.

‘കൃഷ്ണരാജ സാഗര്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് നിലച്ചിരിക്കുകയാണ്. തമിഴ്നാടിനായി വെള്ളം നല്‍കാനുള്ള ശേഷി ഇപ്പോള്‍ ഞങ്ങള്‍ക്കില്ല. നിലവില്‍ കൃഷ്ണരാജ സാഗര്‍ അണക്കെട്ടില്‍ നിന്നും കബനി അണക്കെട്ടില്‍ നിന്നും 815 ക്യൂസെക്സ് വെള്ളം സ്വാഭാവികമായി തമിഴ്നാട്ടിലേക്ക് ഒഴുകുന്നുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു.

കാവേരി നദീതടത്തില്‍ ഏകദേശം 51 ടിഎംസി വെള്ളം മാത്രമേ ഇപ്പോഴുള്ളൂ. ഇത് കുടിവെള്ള പദ്ധതികള്‍ക്ക് ആവശ്യമാണ്. തങ്ങള്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ല. അണക്കെട്ടിലേക്ക് നീരൊഴുക്ക് വര്‍ധിപ്പിക്കാന്‍ വലിയ തോതില്‍ മഴ പെയ്യണമെന്ന് നമുക്കെല്ലാവര്‍ക്കും ദൈവത്തോട് പ്രാര്‍ത്ഥിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ 16 മുതല്‍ 31 വരെ പ്രതിദിനം 3,000 ക്യൂസെക്സ് വെള്ളം കാവേരിയില്‍ നിന്ന് തമിഴ്നാടിന് നല്‍കാന്‍ ഈ മാസം ആദ്യം സി.ഡബ്ല്യു.ആര്‍.സി കര്‍ണാടകയോട് നിര്‍ദ്ദേശിച്ചിരുന്നു. അതിന് മുന്‍പ് ഒക്ടോബര്‍ ഒന്ന് മുതല്‍ 15 വരെയും 3,000 ക്യൂസെക്സ് വെള്ളം നല്‍കാനും സി.ഡബ്ല്യു.ആര്‍.സി നിര്‍ദ്ദേശിച്ചിരുന്നു.

Exit mobile version