പ്ലാസ്റ്റിക് ഉപയോഗം നിര്‍ത്തുക പ്രകൃതിയെ സംരക്ഷിക്കുക; മോഡി വാക്കുകളില്‍ പ്രചോദിതനായ മണല്‍ചിത്രകാരന്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് കടല്‍ക്കരയില്‍ ഒരുക്കിയത് കൂറ്റന്‍ ഗണപതി

വിനായക ചതുര്‍ത്ഥി ആഘോഷവുമായി ബന്ധപ്പെട്ടാണ് മണല്‍ശില്‍പ്പം ഒരുക്കിയത്

പ്ലാസ്റ്റിക് ഉപയോഗം നിര്‍ത്തുക പ്രകൃതിയെ സംരക്ഷിക്കുക എന്ന മുദ്രവാക്യമുയര്‍ത്തി പ്ലാസ്റ്റിക് ബോട്ടില്‍ കൊണ്ട് കടല്‍ത്തീരത്ത് ഗണപതി ശില്പമൊരുക്കി പ്രമുഖ മണല്‍ചിത്രകാരന്‍ സുദര്‍ശന്‍ പട്‌നായിക്.
വിനായക ചതുര്‍ത്ഥി ആഘോഷവുമായി ബന്ധപ്പെട്ടാണ് മണല്‍ശില്‍പ്പം ഒരുക്കിയത്.

ഒറീസയിലെ പുരി ബീച്ചിലാണ് ആയിരം പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് സുദര്‍ശന്‍ പട്‌നായിക് ശില്പം തീര്‍ത്തത്. ഒരു തവണത്തേയ്ക്കുള്ള പ്ലാസ്റ്റിക് ഉപയോഗം നിര്‍ത്തുക പ്രകൃതിയെ സംരക്ഷിക്കുക എന്ന മുദ്രവാക്യമുയര്‍ത്തിയാണ് ഗണപതി പ്രതിമ നിര്‍മ്മിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ശുചിത്വ ക്യാംപയിനിന്റെ ഭാഗമായി പ്രചോദനമുള്‍ക്കൊണ്ടാണ് സുദര്‍ശന്‍ വിനായക ചതുര്‍ത്ഥി ദിനത്തില്‍ കടല്‍ക്കരയില്‍ മണല്‍ശില്പ്പം ഒരുക്കിയത്.

സ്വാതന്ത്രദിനത്തില്‍ പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെയാണ് ശുചിത്വ ക്യാംപയിനെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്. ഇതില്‍ പ്രചോദനമുള്‍ക്കൊണ്ട സുദര്‍ശന്‍ ആയിരം പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് ഗണപതി പ്രതിമ ഒരുക്കുകയായിരുന്നു. ഒറ്റതവണത്തേക്കായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സാധനങ്ങള്‍ ഒരിക്കലും റീസൈക്കിള്‍ ചെയ്യാന്‍ കഴിയില്ല.

ഇത്തരം പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ ഭൂമിയില്‍ ലയിച്ച് ചേരാന്‍ കുറഞ്ഞത് ആയിരം വര്‍ഷങ്ങളെങ്കിലും എടുക്കും. അതുകൊണ്ട് വിനായക ചതുര്‍ത്ഥി ദിനത്തില്‍ നമുക്കെല്ലാവര്‍ക്കും ഒരു തീരുമാനമെടുക്കാമെന്നും പ്ലാസ്റ്റിക് ഉപയോഗം വേണ്ടെന്ന് വെച്ച് നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാമെന്നും സുദര്‍ശന്‍ പറഞ്ഞു.പത്ത് ഫീറ്റ് ഉയരത്തില്‍ കടല്‍ക്കരയില്‍ നിര്‍മ്മിച്ച മണല്‍ശില്പ്പത്തിന് അഞ്ച് ടണ്‍ മണലാണ് ഉപയോഗിച്ചത്.

Exit mobile version