ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം ഇനി മുതല്‍ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രശസ്തമായ ഫിറോസ് ഷാ കോട്ലാ സ്റ്റേഡിയം ഇനി മുതല്‍ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം. ഇന്ത്യന്‍ ക്രിക്കറ്റിലെ പല ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷ്യം വഹിച്ച സ്റ്റേഡിയത്തിന്റെ പേര് മാറ്റിയതായി ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ (ഡിഡിസിഎ) അറിയിച്ചു.

സെപ്റ്റംബര്‍ 12 ന് നടക്കുന്ന ചടങ്ങില്‍ പുനര്‍നാമകരണം നടക്കും. ടീം ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയടക്കമുള്ള പ്രമുഖ താരങ്ങള്‍ സംബന്ധിക്കുന്ന ചടങ്ങിലാവും പുനര്‍നാമകരണം നടക്കുക. ജെയ്റ്റ്‌ലിയോടുള്ള ആദരസൂചകമായിട്ടാണ് സ്റ്റേഡിയത്തിന്റെ പേര് മാറ്റുന്നതെന്നാണ് ഡിഡിസിഎ ഭാഷ്യം.

സുനില്‍ ഗാവസ്‌കര്‍ 29-ാം സെഞ്ചുറി നേടി ഡോണ്‍ ബ്രാഡ്മാന്റെ റെക്കോഡിനൊപ്പമെത്തിയതും 35 സെഞ്ചുറിയെന്ന ഗാവസ്‌കറുടെ റെക്കോഡ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പഴക്കഥയാക്കിയതും അനില്‍ കുംബ്ലെ പാകിസ്താനെതിരേ ഒരു ഇന്നിങ്‌സിലെ മുഴുവന്‍ വിക്കറ്റുകളും നേടിയതും ഇവിടെ വച്ചാണ്. കൂടാതെ
ഇന്ത്യ പത്ത് ടെസ്റ്റ് വിജയങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

അരുണ്‍ ജെയ്റ്റ്ലി ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ചുമതല വഹിച്ചിരുന്ന സമയത്താണ് ആധുനിക സൗകര്യങ്ങളോടെ സ്റ്റേഡിയം പുതുക്കി പണിതത്. സ്റ്റേഡിയത്തില്‍ ലോകോത്തര നിലവാരത്തിലുള്ള ഡ്രസ്സിങ് മുറികള്‍ ഉള്‍പ്പെടെ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാക്കി.

സ്റ്റേഡിയം നവീകരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് അരുണ്‍ ജെയ്റ്റ്ലിയാണെന്നും അദ്ദേഹത്തിന്റെ സ്മരണയ്ക്ക് വേണ്ടിയാണ് സ്റ്റേഡിയത്തിന് പേരിടുന്നതെന്നും ഡിഡിസിഎ അധ്യക്ഷന്‍ രജത് ശര്‍മ പറഞ്ഞു. വിരാട് കോഹ്‌ലി, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, ആഷിഷ് നെഹ്റ, റിഷഭ് പന്ത് തുടങ്ങി ഒട്ടേറെ താരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കിയ വ്യക്തി കൂടിയാണ് അരുണ്‍ ജെയ്റ്റ്ലിയെന്നും രജത് ശര്‍മ കൂട്ടിച്ചേര്‍ത്തു.

ഈഡന്‍ ഗാര്‍ഡന്‍സിന് ശേഷം ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയമാണ് ഫിറോസ് ഷാ കോട്‌ല. 1883ലാണ് ഈ സ്റ്റേഡിയം സ്ഥാപിച്ചത്. 1948ല്‍ ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലായിരുന്നു ഇവിടുത്തെ ആദ്യത്തെ ടെസ്റ്റ് മത്സരം.

ഡിഡിസിഎയുടെ മുന്‍ അധ്യക്ഷനായിരുന്നു അരുണ്‍ ജെയ്റ്റ്ലി. ശ്വാസകോശത്തിനുള്ള അസുഖം കാരണം ദീര്‍ഘനാള്‍ ചികില്‍സയിലായിരുന്ന അരുണ്‍ ജെയ്റ്റ്ലി കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്.

Exit mobile version