അരുൺ ജെയ്റ്റ്‌ലിയുടെ പെൻഷൻ കുടുംബത്തിന് വേണ്ട, പകരം കുറഞ്ഞ വേതനമുള്ള രാജ്യസഭാ ജീവനക്കാർക്ക് നൽകണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ഭാര്യ സംഗീത

ജെയ്റ്റ്ലിയുടെ ഭാര്യ സംഗീത രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡുവിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കത്തയച്ചു.

ന്യൂഡൽഹി: അരുൺ ജെയ്റ്റിലിയുടെ കുടുംബം ആശ്രിത പെൻഷൻ വേണ്ടെന്ന് കാണിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചു. അന്തരിച്ച മുൻ ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് ലഭിക്കേണ്ട പെൻഷൻ കുടുംബം വേണ്ടെന്ന് വെയ്ക്കുകയാണെന്നും പകരം ഈ തുക രാജ്യസഭയിലെ കുറഞ്ഞ ശമ്പളക്കാരായ ജീവനക്കാർക്ക് നൽകണമെന്നുമാണ് അഭ്യർത്ഥിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ജെയ്റ്റ്ലിയുടെ ഭാര്യ സംഗീത രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡുവിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കത്തയച്ചു.

ഈ പെൻഷൻ രാജ്യസഭയിലെ ക്ലാസ് ഫോർ ജീവനക്കാർക്ക് നൽകാനാണ് ആവശ്യം. ജെയ്റ്റ്ലിയുടെ മനുഷ്യസ്നേഹി എന്ന നിലയിലുള്ള ഭൂതകാലം അടിസ്ഥാനമാക്കിയാണ് പെൻഷൻ വേണ്ടെന്ന് വെച്ചതെന്നാണ് കുടുംബം കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ഓഗസ്റ്റ് 24-നാണ് ജെയ്റ്റ്ലി അന്തരിച്ചത്.

1999 മുതൽ രാജ്യസഭാ അംഗമായ അരുൺ ജെയ്റ്റ്ലിക്ക് അധിക പെൻഷനായി ലഭിക്കുന്ന 22,500 രൂപയടക്കം മാസത്തിൽ 50,000 രൂപയാണ് പെൻഷനായി ലഭിച്ചിരുന്നത്. പാർലമെന്റ് അംഗങ്ങൾ മരണപ്പെട്ടാൽ ആശ്രിതർക്ക് പെൻഷന്റെ 50 ശതമാനമാണ് ലഭിക്കുക. ഇതനുസരിച്ച് ജെയ്റ്റ്ലിയുടെ കുടുംബത്തിന് മാസത്തിൽ 25000 രൂപയാണ് ലഭിക്കേണ്ടത്. ഈ തുകയാണ് കുടുംബം രാജ്യസഭാ ജീവനക്കാർക്ക് വീതിച്ചു നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

Exit mobile version