അരുണ്‍ ജെയ്റ്റ്‌ലിക്ക് വിട ചൊല്ലി രാജ്യം; സംസ്‌കാരം ഇന്ന് വൈകീട്ട് നിഗംബോധ് ഘട്ടില്‍

രണ്ടുമണിവരെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരും നേതാക്കളും അന്തിമോപചാരം അര്‍പ്പിക്കും.

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റിലിയുടെ ഭൗതികശരീരം ഇന്ന് വൈകീട്ട് സംസ്‌കരിക്കും. കൈലാഷ് കോളനിയിലെ വസതിയില്‍ പൊതു ദര്‍ശനത്തിന് വച്ചിരിക്കുന്ന ഭൗതികശരീരം പത്തരയോടെ ബിജെപി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. രണ്ടുമണിവരെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരും നേതാക്കളും അന്തിമോപചാരം അര്‍പ്പിക്കും.

തുടര്‍ന്ന് യമുനാതീരത്തേക്ക് വിലാപയാത്രയും നടത്തും. ഉച്ചയ്ക്കുശേഷം നിഗംബോധ്ഘട്ടിലാണ് സംസ്‌കാരം നടത്തുക. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെപിനഡ്ഡ തുടങ്ങിയവര്‍ ഇന്നലെ വീട്ടിലെത്തി ജെയ്റ്റ്‌ലിക്ക് അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. ഇന്നലെ ഉച്ചയോടെയാണ് അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചത്. ഏറെ നാളായി ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

വിദേശപര്യടനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പകരം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് റീത്ത് സമര്‍പ്പിക്കും. മൂന്ന് ദിവസത്തെ വിദേശപര്യടനത്തിലാണ് അദ്ദേഹം. രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷമുള്ള മോഡിയുടെ ആദ്യ ഗള്‍ഫ് പര്യടനമാണ് ഇത്. നല്ല ഒരു സുഹൃത്തിനെ നഷ്ടമായെന്ന് മോഡി കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചിരുന്നു.

Exit mobile version