അരുണ്‍ ജയ്റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങിനിടെ മൊബൈല്‍ മോഷണം

ന്യൂഡല്‍ഹി; മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജയ്റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങിനിടെ മോഷണം. രാഷ്ട്രീയപ്രമുഖര്‍ ഉള്‍പ്പടെ നിരവധിപേര്‍ പങ്കെടുത്ത നിഗംബോധഘട്ടില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ വെച്ചാണ് 11 ഓളം പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയത്.

കഴിഞ്ഞ 24 നാണ് അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചത്. ബിജെപി എംപിമാരായ ബാബുല്‍ സുപ്രിയോ, സോം പ്രകാശ് എന്നിവരുടേതടക്കം നിരവധി പേരുടെ ഫോണുകളാണ് ചടങ്ങില്‍ വെച്ച് മോഷണം പോയത്. മൊബൈല്‍ നഷ്ടപ്പെട്ട പതഞ്ജലിയുടെ വക്താവായ എസ് കെ തിജാരവാല ട്വിറ്ററിലൂടെ മോഷണവിവരം പുറത്തറിയിച്ചു.

ഏറെ ദുഃഖിതനായി ജയ്റ്റ്‌ലിക്ക് വിട നല്കുന്ന ചടങ്ങുകളുടെ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോണും തന്നോട് വിടപറഞ്ഞു എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. മോഷണമല്ല പോക്കറ്റടിയാണ് നടന്നതെന്നും ഒരു കള്ളനെ കൈയോടെ പിടിച്ചെങ്കിലും അടിതെറ്റി വീണതിനാല്‍ മോഷ്ടാവ് രക്ഷപ്പെട്ടെന്നും എംപി ബാബുല്‍ സുപ്രിയോയും ട്വീറ്റ് ചെയ്തു. സംഭവത്തില്‍ പോലീസ് കേസെടുത്തെങ്കിലും രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

Exit mobile version