പ്രതിപക്ഷ നിരയിലെ ഒന്‍പത് നേതാക്കളോടൊപ്പം രാഹുല്‍ ഗാന്ധി ഇന്ന് കാശ്മീര്‍ സന്ദര്‍ശിക്കും

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രാഹുലിനൊപ്പമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് ജമ്മുകാശ്മീര്‍ സന്ദര്‍ശിക്കും. ജമ്മുകാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ക്ഷണം സ്വീകരിച്ചാണ് രാഹുലിന്റെ സന്ദര്‍ശനം. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രാഹുലിനൊപ്പമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒമ്പത് നേതാക്കളോടൊപ്പം കാശ്മീരിലെത്തുന്ന രാഹുല്‍ പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
370-ാം അനുച്ഛേദം റദ്ദാക്കിയതിനു പിന്നാലെ കാശ്മീരില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നുവെന്നാണ് റിപ്പോര്‍ട്ടുകളെന്നും അതിനാല്‍ കാശ്മീര്‍ സംബന്ധമായ വിവരങ്ങള്‍ വസ്തുനിഷ്ഠമായി പ്രധാനമന്ത്രി വെളിപ്പെടുത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജമ്മുകാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് രംഗത്തെത്തിയിരുന്നു. വേണമെങ്കില്‍ പ്രത്യേക വിമാനം അയയ്ക്കാമെന്നും രാഹുല്‍ ഇവിടം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍, തന്റെ പാര്‍ട്ടി നേതാക്കള്‍ എത്ര വലിയ വിഢിത്തമാണ് പറയുന്നത് എന്നോര്‍ത്ത് രാഹുലിന് ലജ്ജ തോന്നുമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

Exit mobile version