രാജ്യം നിർമ്മിക്കുന്നത് ജനങ്ങളാണ്; മണ്ണിന്റെ കണക്കല്ല; കാശ്മീരിനെ വലിച്ചുകീറലല്ല ഐക്യം; വിഷയത്തിൽ 24 മണിക്കൂർ കഴിഞ്ഞ് പ്രതികരിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനും, സംസ്ഥാനത്തെ വിഭജിക്കാനുമുള്ള പ്രമേയത്തിലും ബില്ലുകളിലും 24 മണിക്കൂറിന് ശേഷം പ്രതികരണവുമായി രാഹുൽ ഗാന്ധി. രാജ്യത്തെ ഒന്നിപ്പിക്കലെന്നാൽ, ജമ്മു കാശ്മീരിനെ ഏകപക്ഷീയമായി വലിച്ചുകീറുന്നതല്ല, അവിടുത്തെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അറസ്റ്റ് ചെയ്യുന്നതും ജയിലിലിടുന്നതും ഭരണഘടന ലംഘിക്കുന്നതുമല്ല. ഒരു രാജ്യമെന്നത് ഇവിടത്തെ ജനങ്ങളാണ്, അല്ലാതെ വെറും ഭൂമികളുടെ കണക്ക് മാത്രമല്ല. അധികാരപ്രമത്തത രാജ്യസുരക്ഷയിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും- രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ കേന്ദ്രസർക്കാരിനെതിരെ പ്രതികരിച്ചു.

അതേസമയം, കാശ്മീരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ഇന്റർനെറ്റ് കണക്ഷൻ റദ്ദാക്കി കേന്ദ്രസർക്കാർ ഇന്നലെ രാജ്യസഭയിൽ ബില്ല് പാസാക്കിയിട്ടും, ഇന്നാണ് രാഹുൽ ഗാന്ധി വിഷയത്തിൽ പ്രതികരിച്ചത് എന്നതും വിമർശനത്തിന് കാരണമായിട്ടുണ്ട്. എൻഡിഎ അവരുടെ അജണ്ട കൃത്യമായി നടപ്പാക്കാൻ കൊണ്ടുവന്ന ബില്ലിൻമേൽ എന്ത് നിലപാടെടുക്കണമെന്ന് അറിയാതെ കുഴങ്ങുകയായിരുന്നു കോൺഗ്രസ്.

ഇത്രയോറെ കോലാഹലമുണ്ടായിട്ടും, സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇതുവരെ ഔദ്യോഗികമായി ഒരു പ്രതികരണവും നടത്താൻ തയ്യാറായിട്ടില്ല. ബില്ലിൻമേൽ നിലപാട് തീരുമാനിക്കാൻ കോൺഗ്രസ് എംപിമാരുടെ യോഗം വിളിച്ചിരുന്നു. എന്നാൽ മുതിർന്ന പല കോൺഗ്രസ് നേതാക്കളും കേന്ദ്രസർക്കാരിനെ അനുകൂലിച്ച് രംഗത്തെത്തിയത് പാർട്ടിക്ക് തിരിച്ചടിയായി.

Exit mobile version