സിദ്ധാർത്ഥിന്റെ ജീവൻ രക്ഷിക്കാനായില്ല; ഹോസ്റ്റലിൽ പ്രശ്‌നമുണ്ടായെന്ന് വിദ്യാർത്ഥികളാരും പറഞ്ഞില്ല; സെക്യൂരിറ്റിപണിയല്ല ഡീനിന്റെത്: ഡോ. എംകെ നാരായണൻ

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥിയായ ജെഎസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായ ഡീൻ പ്രതികരണവുമായി രംഗത്ത്. സിദ്ധാർഥന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചിരുന്നുവെന്ന് സർവകലാശാല ഡീൻ ഡോ.എം.കെ.നാരായണൻ പറഞ്ഞു. തന്നെ അസിസ്റ്റന്റ് വാർഡനാണ് ആത്മഹത്യ ശ്രമമുണ്ടായെന്ന വിവരം അറിയിച്ചത്. വിവരം അറിഞ്ഞ് 10 മിനിറ്റിനുള്ളിൽ തന്നെ ഹോസ്റ്റലിലെത്തി. ഉടൻ തന്നെ സിദ്ധാർഥനെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ജീവൻ രക്ഷിക്കാനായില്ലെന്നാണ് ഡീനിന്റെ വാക്കുകൾ.

മെൻസ് ഹോസ്റ്റലിൽ അല്ല താൻ താമസിക്കുന്നത്. റസിഡന്റ് ട്യൂട്ടറാണ് ഹോസ്റ്റലിൽ താമസിക്കേണ്ടത്. ആ തസ്തികയിലേക്ക് സർവകലാശാല ആളെ നിയമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിദ്ധാർത്ഥന്റെ മരണവിവരം ഉടനെ തന്നെ വീട്ടുകാരെ അറിയിച്ചു. അവർ എത്തിയപ്പോൾ എല്ലാ സൗകര്യങ്ങളും ചെയ്ത് നൽകിയത് താനാണെന്നും ഡീൻ വിശദീകരിച്ചു.

സിദ്ധാർത്ഥന്റെ മരണത്തിന് പിന്നാലെ അസിസ്റ്റന്റ് വാർഡനോട് റിപ്പോർട്ട് തേടിയിരുന്നു. ഹോസ്റ്റലിൽ പ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്ന റിപ്പോർട്ടാണ് അസിസ്റ്റന്റ് വാർഡൻ നൽകിയത്. പ്രശ്‌നങ്ങളുണ്ടായെന്ന് കുട്ടികളാരും പറഞ്ഞില്ലെന്നും അദ്ദേഹം പറയുന്നു.

ALSO READ- ലഹരിക്കടത്ത്; സിനിമാ നിർമാതാവ് ജാഫർ സാദിഖിന്റെ എട്ട് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

എല്ലാദിവസവും ഹോസ്റ്റലിൽ പോയി സെക്യൂരിറ്റി പണി ചെയ്യുകയല്ല ഡീനിന്റെ ജോലി. ക്രിമിനൽ കുറ്റം ചെയ്ത ആരെയും സംരക്ഷിച്ചിട്ടില്ല. സർവകലാശാലക്ക് ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഇക്കാര്യത്തിൽ മാധ്യമങ്ങൾ തനിക്കെതിരെ തെറ്റായ വാർത്തകൾ നൽകുകയാണെന്നാണ് ഡീനിന്റെ വാക്കുകൾ.

Exit mobile version