അന്ന് അധ്യാപികയും വിദ്യാർത്ഥിനിയും; ഇന്ന് പ്രിൻസിപ്പലും അധ്യാപികയും; പെരിങ്ങനാട് സ്‌കൂളിൽ സുധ ടീച്ചറും ലക്ഷ്മി ടീച്ചറുമാണ് താരങ്ങൾ

പെരിങ്ങനാട്: അന്ന് പാഠങ്ങൾ നുകർന്നു നൽകിയ വിദ്യാർത്ഥിനിയുമായി കാലങ്ങൾ പിന്നിട്ടപ്പോൾ തന്റെ സ്‌കൂളിൽ തന്നെ അധ്യാപികയായി ഒരുമിച്ച് സർവീസിലിരിക്കാൻ ഭാഗ്യം ലഭിച്ചിരിക്കുകയാണ് സുധട ടീച്ചർക്ക്. 22 വർഷം മുൻപ് അധ്യാപികയും വിദ്യാർഥിയുമായിരുന്നവർ ഇന്നു പ്രിൻസിപ്പലും അധ്യാപികയുമായി ഒരേ സ്‌കൂളിൽ സർവീസ് തുടരുകയാണ്.

പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പലായ കെ സുധ പഠിപ്പിച്ച എൽ ലക്ഷ്മിയാണ് ഇപ്പോൾ ഇവിടെ തന്നെ അധ്യാപികയായി എത്തിയത്. 2000-2002 അധ്യയന വർഷത്തിൽ അടൂർ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപികയായിരുന്ന സമയത്താണു സുധ ടീച്ചർ കൊമേഴ്‌സ് ബാച്ചിലെ വിദ്യാർത്ഥിനിയായ ലക്ഷ്മിയെ പഠിപ്പിച്ചത്.

പഠനശേഷം അധ്യാപികയായ ലക്ഷ്മി മുളക്കുഴ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന് സ്ഥലംമാറി കഴിഞ്ഞ 24നാണ് സുധ ടീച്ചറുടെ സ്‌കൂളിലെത്തി ജോയിൻ ചെയ്തത്. 2016 മാർച്ചിൽ പരീക്ഷാ ഡ്യൂട്ടിക്ക് ലക്ഷ്മി തൃച്ചേന്ദമംഗലം സ്‌കൂളിൽ എത്തിയപ്പോഴാണ് പഴയ വിദ്യാർഥിനി അധ്യാപികയായ കാര്യം സുധ ടീച്ചർ അറിയുന്നത്. ലക്ഷ്മിക്ക് ആ സമയത്ത് തന്നെ സർക്കാർ സ്‌കൂളിൽ അധ്യാപികയായി പിഎസ്സി വഴി നിയമനം ലഭിച്ചിരുന്നു.

also read- ബലാത്സംഗമല്ല, ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം; കേസ് കെട്ടിച്ചമച്ചത്; പോലീസിന് മൊഴി നൽകി വിജയ് ബാബു

പിന്നീടിപ്പോൾ സ്ഥലംമാറ്റത്തിനായി ശ്രമിച്ചപ്പോൾ തന്റെ പഴയ അധ്യാപിക പ്രിൻസിപ്പലായിട്ടുള്ള സ്‌കൂളിൽ ഒഴിവുണ്ടെന്നറിഞ്ഞാണു മുളക്കുഴയിൽ നിന്നു ലക്ഷ്മി ഇവിടേക്കു സ്ഥലംമാറ്റം ചോദിച്ചത്. പഴയ അധ്യാപികയ്‌ക്കൊപ്പം ജോലി ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നു ലക്ഷ്മി പറയുന്നു. പഴയ വിദ്യാർഥി അധ്യാപികയായി തനിക്കൊപ്പം എത്തിയതിൽ അങ്ങേയറ്റം ആഹ്ലാദിക്കുന്നതായി സുധ ടീച്ചറും പറഞ്ഞു.

Exit mobile version