സഹിച്ചു മതിയായി എന്ന് റിസ്വാന; സ്വന്തം വീട്ടിൽ പോയി നിൽക്കൂവെന്ന് കൂട്ടുകാരി; വിടണില്ലെന്ന് സങ്കടത്തോടെ പെൺകുട്ടി; ആത്മഹത്യ ചെയ്ത 21കാരിയുടെ വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്

കോഴിക്കോട്: ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ യുവതി നേരിട്ട ക്രൂരതകൾ വ്യക്തമാക്കി വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്. വടകര അഴിയൂർ സ്വദേശിനി റിസ്വാന(21)യെയാണ് ഭർത്താവ് ഷംനാസിന്റെ വീട്ടിലെ അലമാരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് മുമ്പ് ഭർതൃവീട്ടിലെ പീഡനങ്ങൾ വിവരിച്ച് കൂട്ടുകാരികൾക്ക് അയച്ച വാട്സാപ്പ് ചാറ്റുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നില്ലെന്നും സഹിച്ച് മതിയായെന്നുമാണ് റിസ്വാന കൂട്ടുകാരിക്ക് അയച്ച വാട്സാപ്പ് സന്ദേശത്തിൽ പറയുന്നത്. ‘ആവണില്ല മോളേ, ലൈഫ് മുന്നോട്ട് കൊണ്ടോവാൻ, സഹിച്ചു മതിയായി’ എന്നാണ് റിസ്വാനയുടെ സന്ദേശം. എന്തൊരു പരീക്ഷണമാണെന്നും, എന്നാൽ സ്വന്തം വീട്ടിലേക്ക് പൊയ്ക്കൂടെയെന്ന് കൂട്ടുകാരി ചോദിച്ചപ്പോൾ ‘വിടണില്ല’ എന്നായിരുന്നു റിസ്വാനയുടെ മറുപടി. ഭർത്താവായ ഷംനാസിനോട് കാര്യങ്ങൾ പറയൂവെന്ന് കൂട്ടുകാരി പറഞ്ഞപ്പോൾ, ‘ അവരെല്ലാം ഒറ്റക്കെട്ടാണ്, ഞാൻ എത്രയായാലും പുറത്താ’ എന്നാണ് പെൺകുട്ടിയുടെ മറുപടി.

ഡിഗ്രിക്ക് പഠിക്കുന്ന സമയത്തായിരുന്നു കൈനാട്ടി സ്വദേശി ഷംനാസുമായുള്ള വിവാഹം. വിവാഹശേഷം പഠിപ്പിക്കാമെന്ന് ഭർതൃവീട്ടുകാർ ഉറപ്പുനൽകിയിരുന്നെങ്കിലും അവർ പിന്നീട് തയ്യാറായില്ല. ഇതിനിടെ കുഞ്ഞു ജനിച്ചങ്കെിലും ഭർതൃവീട്ടിലേക്ക് മടങ്ങിയ റിസ്വാനയ്ക്ക് കടുത്ത ഉപദ്രവമാണ് നേരിടേണ്ടിവന്നത്.

READ ALSO – ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങിയനിലയിൽ മൃതദേഹം; ആശുപത്രിയിലെത്തിക്കാതെ വീട്ടുകാർ; റിസ്വാനയുടെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം

റിസ്വാനയുടെ മരണശേഷം ഭർതൃവീട്ടുകാരിൽനിന്നുണ്ടായ പെരുമാറ്റവും സംശയകരമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. യുവതി മരിച്ചതിന് ശേഷം കുഞ്ഞിനായി ഭർതൃവീട്ടിൽ പോയപ്പോൾ ഷംനാസിന്റെ പിതാവും മറ്റും മോശമായ രീതിയിലാണ് പെരുമാറിയതെന്നും ബന്ധുക്കൾ പറഞ്ഞു.`ഭർതൃവീട്ടിൽ റിസ്വാന അനുഭവിച്ചിരുന്ന മാനസിക-ശാരീരിക പീഡനം വ്യക്തമാക്കുന്നതാണ് പുറത്തുവന്ന വാട്സാപ്പ് ചാറ്റുകളെന്നും കുടുംബം പറയുന്നു. പെൺകുട്ടിയുടെ മരണത്തിൽ ജില്ലാക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിരിക്കുകയാണ്.

Exit mobile version