ലൈറ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ നഷ്ടമായത് നാട്ടുകാരുടെ പ്രിയപ്പെട്ട ‘കുഞ്ഞാക്കയെ’;ജലീലിന്റെ മരണത്തിൽ ഞെട്ടൽ മാറാതെ നാട്

കിഴക്കേത്തല: സ്വന്തം നാട്ടിൽ നിന്നും കേവലം നാല് കിലോമീറ്റർ അകലെ അടിയേറ്റ് വീണ പ്രിയപ്പെട്ട കുഞ്ഞാക്ക തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. എന്നാൽ, രാവിലെയോടെ എത്തിയ മരണവാർത്ത നാടിനെ ഒന്നാകെ ഞെട്ടിച്ചു. മഞ്ചേരി നഗരത്തിന്റെ ഭാഗമായ പതിനാറാം വാർഡിലെ മുസ്‌ലിംലീഗിന്റെ നഗരസഭാ അംഗമായിരുന്ന ജലീൽ എന്ന കുഞ്ഞാൻ ചൊവ്വാഴ്ച രാത്രി പത്തിനാണ് താമരശ്ശേരിയിൽ മർദ്ദനമേറ്റ് വീണത്.

ആരോഗ്യസ്ഥിതി ഗുരുതരമാണെന്നറിഞ്ഞതോടെ നാട്ടുകാർ പ്രാർഥനയിലായിരുന്നു. എന്നാൽ എല്ലാ പ്രാർത്ഥനകളും വിഫലമാക്കി തലക്കേറ്റ ഗുരുതരമായ പരിക്ക് ജലീലിന്റെ ജീവൻ കവരുകയായിരുന്നു.

പയ്യനാട് കുട്ടിപ്പാറയിൽവെച്ചാണ് ജലീലിനെ ബൈക്കിലെത്തിയ സംഘം മാരകായുധമുപയോഗിച്ച് തലയ്ക്കടിച്ചു പരിക്കേൽപ്പിക്കുന്നത്. സംഭവസമയത്ത് ജലീലിനൊപ്പമുണ്ടായിരുന്ന മൂന്നുപേരുടെ മൊഴി ബുധനാഴ്ച മഞ്ചേരി സ്റ്റേഷനിലെത്തിച്ച് പോലീസ് രേഖപ്പെടുത്തിയിരുന്നു.

കുട്ടിപ്പാറ ഭാഗത്തുവെച്ച് നിർത്തിയിട്ട തങ്ങളുടെ കാറിന്റെ ലൈറ്റ് അണയ്ക്കാത്തതിനെച്ചൊല്ലി ബൈക്കിലെത്തിയ സംഘവുമായി തർക്കമുണ്ടായതായും ഇതു പറഞ്ഞുപരിഹരിച്ച് കാർ മുന്നോട്ടുപോകുമ്പോഴാണ് ആക്രമണമുണ്ടായതെന്നുമാണ് മൊഴി. പിന്നാലെയെത്തിയ സംഘം ഹെൽമെറ്റ് ഉപയോഗിച്ച് കാറിന്റെ ചില്ല് എറിഞ്ഞുതകർത്തു. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ കൗൺസിലറെ മാരകായുധമുപയോഗിച്ച് ആക്രമിച്ചെന്നാണ് ഇവരുടെ മൊഴി. തലയോട്ടി തകർന്ന് രക്തം വാർന്ന് ജലീൽ റോഡിൽ വീണതോടെ അക്രമികൾ കടന്നുകളഞ്ഞു. ആക്രമണത്തിനുപിന്നിൽ മുൻവൈരാഗ്യമില്ലെന്നാണ് പോലീസും കരുതുന്നത്.

രാഷ്ട്രീയ രംഗത്ത് നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്നു ജലീൽ. 2020 ഡിസംബറിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ എസ്ഡിപിഐയുടെയും എൽഡിഎഫിന്റെയും സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തിയാണ് മികച്ച ഭൂരിപക്ഷത്തിൽ ജലീൽ വിജയിച്ചത്. ജനകീയതയായിരു്‌നനു ഈ വിജയത്തിന് പിന്നിൽ. രാഷ്ട്രീയ എതിരാളികളോടുപോലും തികഞ്ഞ സൗഹൃദം പുലർത്തിയിരുന്നു ഇദ്ദേഹം. തൊട്ടുമുമ്പത്തെ അഞ്ചു വർഷം കുഞ്ഞാന്റെ ഭാര്യ സൗജത്ത് ആയിരുന്നു ഈ വാർഡിനെ പ്രതിനിധീകരിച്ചിരുന്നത്.

also read- വിവാഹേതര ബന്ധം ചോദ്യം ചെയ്തതിന് മർദ്ദിച്ചു; യുവതി കിണറ്റിൽചാടി ജീവനൊടുക്കി; ഭർത്താവിനും പെൺസുഹൃത്തിനും കഠിനതടവ് ശിക്ഷ; സംഭവം മുക്കത്ത്

എല്ലാവരോടും ചിരിച്ചും കുശലാന്വേഷണം നടത്തിയും ഇടപെടുന്ന പ്രകൃതമായിരുന്നു. വികസനപ്രശ്‌നങ്ങളും ജനകീയപ്രശ്‌നങ്ങളും ഏറ്റെടുക്കുന്നതിൽ മുന്നിലായിരുന്നു. സജീവ മുസ്ലിംലീഗ് പ്രവർത്തകനായ ജലീൽ ആദ്യമായാണ് നഗരസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് മഞ്ചേരി സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. മുൻ നഗരസഭാംഗം സൗജത്താണ് ഭാര്യ. പിതാവ്: പരേതനായ തലാപ്പിൽ ചേക്കു ഹാജി. മക്കൾ: മുഹമ്മദ് സാനിൽ, മുഹമ്മദ് സനു. സഹോദരങ്ങൾ: അബ്ദുൽമജീദ്, ആലിപ്പ, കുഞ്ഞിമൊയ്തീൻ, മാനു, പരേതനായ മുഹമ്മദ്.

Exit mobile version