ഏഴാം വയസിൽ അനാഥയായ രാജേശ്വരിയെ സ്വന്തം മകളായി വളർത്തി; 22ാം വയസിൽ വരനെ കണ്ടുപിടിച്ച് ക്ഷേത്രത്തിൽ വെച്ച് വിവാഹവും നടത്തി; അറിയണം അബ്ദുള്ള-ഖദീജ ദമ്പതികളെ

മാന്യോട്ട്: ഏഴാം വയസിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട് ആരോരുമില്ലാതായ രാജേശ്വരിയെന്ന പെൺകുട്ടിയെ ഏറ്റെടുത്ത് സ്വന്തം മകളായി വളർത്തി അവളുടെ വശ്വാസപ്രകാരം വിവാഹവും നടത്തിക്കൊടുത്ത് ഈ മുസ്ലിം ദമ്പതികൾ. കാഞ്ഞങ്ങാട്ടെ അബ്ദുള്ള-ഖദീജ ദമ്പതികളാണ് ജാതിമത അതിർവരമ്പുകളെ മായ്ച്ച് മാനവ സ്‌നേഹത്തിന് ഉത്തമഉദാഹരണങ്ങളായി മാറിയിരിക്കുന്നത്.

7-ാം വയസ്സിൽ അവളെ ഏറ്റെടുത്ത കുടുംബം ഇപ്പോൾ 22ാം വയസിൽ രാജേശ്വരിയെ അനുയോജ്യനായ വരനെന്ന് ബോധ്യപ്പെട്ടതോടെ വിഷ്ണു പ്രസാദിന്റെ കൈയ്യിൽ സുരക്ഷിതമായി ഏൽപ്പിച്ചിരിക്കുകയാണ്. കാഞ്ഞങ്ങാട്ടെ മാന്യോട്ട് ക്ഷേത്രത്തിൽ വച്ച് ഹിന്ദു ആചാരപ്രകാരമായിരുന്നു രാജേശ്വരിയുടേയും വിഷ്ണുവിന്റേയും വിവാഹം.

ചടങ്ങിൽ ക്ഷണം സ്വീകരിച്ചെത്തിയ അതിഥികൾക്ക് സമൃദ്ധമായ സദ്യയും നൽകി ചടങ്ങ് മംഗളമാക്കിയാണ് അബ്ദുള്ളയും ഖദീജയും തങ്ങളുടെ രക്ഷകർതൃത്വ കർത്തവ്യം പൂർത്തീകരിച്ചിരിക്കുന്നത്.

അബ്ദുള്ളയുടെ മക്കൾ ഷമീമും നജീബും ഷെരീഫും വരൻ വിഷ്ണു പ്രസാദിനെ സഹോദരന്മാരുടെ സ്ഥാനത്ത്‌നിന്ന് ചന്ദനംതൊട്ട് സ്വീകരിച്ച് കതിർ മണ്ഡപത്തിലേക്ക് ആനയിച്ചാണ് വിവാഹചടങ്ങുകൾക്ക് തുടക്കമിട്ടത്.

Also Read-കോവളത്ത് ഒന്നരക്കോടി മുടക്കി വസ്തു വാങ്ങിയും കബളിപ്പിക്കപ്പെട്ടു; മദ്യം ഒഴുക്കി കളഞ്ഞ സ്റ്റീഫന് മറുനാടനല്ല ഏഴ് വർഷമായി മലയാളി ജീവിതം; സർക്കാർ ഇടപെടലിൽ സംതൃപ്തിയെന്ന്

വിവാഹാനന്തരം വരന്റെ ഗൃഹത്തിലേക്ക് യാത്രതിരിച്ച രാജേശ്വരിയെ നിറ കണ്ണുകളോടെയാണ് അബ്ദുള്ളയുടെ കുടുംബവും ബന്ധുക്കളും യാത്രയാക്കിയത്.

Exit mobile version