കോവിഡ് മാനദണ്ഡം ലംഘിച്ചാല്‍ സാധാരണക്കാര്‍ക്ക് പിഴ, മാനദണ്ഡങ്ങള്‍ നീന്തല്‍ക്കുളത്തിലൊഴുക്കി പൊലീസിന്റെ നീന്തല്‍

പാലക്കാട്: കോവിഡ് മാനദണ്ഡം ലംഘിച്ചാല്‍ സാധാരണക്കാര്‍ക്ക് പിഴ ശിക്ഷ, എന്നാല്‍ സ്വന്തം കാര്യത്തില്‍ നിബന്ധനകള്‍ മറന്ന് പോലീസ്. കോവിഡ് സാഹചര്യത്തില്‍ നീന്തല്‍ക്കുളം തുറക്കാന്‍ പാടില്ലെന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പിനിടയിലും പൊലീസ് വാഹനത്തിലെത്തിയ ട്രെയിനികള്‍ മണിക്കൂറുകളോളം പരിശീലനം നടത്തി.

പാലക്കാട് മലമ്പുഴയിലാണ് സംഭവം. രണ്ട് ദിവസങ്ങളിലായി നടക്കുന്ന നീന്തലിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അതേസമയം, ദുരന്തനിവാരണ സേനയുടെ പ്രത്യേക അനുമതിയുണ്ടെന്നാണ് സംഭവത്തില്‍ പൊലീസിന്റെ വിശദീകരണം. നാലുപേര്‍ കടയുടെ മുന്നില്‍ നിന്നതിന് കടക്കാരന് വന്‍ തുക പിഴ ചുമത്തിയ പൊലീസുകാരാണ് ഇവിടെ നീന്തിക്കളിക്കുന്നത്.

മാനദണ്ഡവും നിയന്ത്രണങ്ങളും ഇവര്‍ക്ക് ബാധകമല്ലേയെന്ന് നാട്ടുകാര്‍ ചോദിക്കുന്നു. കല്ലേക്കാട് എ.ആര്‍ ക്യാംപില്‍ നിന്നാണ് പൊലീസുകാരുമായി വാഹനം മലമ്പുഴയിലെത്തിയത്. നീന്തല്‍ക്കഴിഞ്ഞ് അതേ വാഹനത്തില്‍ പൊലീസ് അകമ്പടിയോടെ തിരികെ ക്യാംപിലേക്ക് പോകും.

Exit mobile version