ഓക്സിജന്‍ ചോര്‍ച്ച: ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ പ്രഖ്യാപിച്ച് സര്‍ക്കാര്‍

മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ ഓക്സിജന്‍ ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ മരണപ്പെട്ട കോവിഡ് രോഗികളുടെ കുടുംബങ്ങള്‍ക്ക് സഹായധനം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. അഞ്ചുലക്ഷം രൂപയുടെ ധനസഹായമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

നാസിക്കിലെ ഡോ. സക്കീര്‍ ഹുസൈന്‍ ആശുപത്രിയിലാണ് ബുധനാഴ്ച ദുരന്തമുണ്ടായത്. ആശുപത്രിയിലെ ഓക്സിജന്‍ സംഭരണ ടാങ്കറുകളിലൊന്നില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് രോഗികള്‍ക്കുള്ള ഓക്സിജന്‍ വിതരണം തടസ്സപ്പെടുകയായിരുന്നു.

കോവിഡ് ചികിത്സയില്‍ കഴിയുകയായിരുന്ന 22 പേരാണ് ശ്വാസം കിട്ടാതെ മരിച്ചത്. 150 കോവിഡ് രോഗികളായിരുന്നു ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നത്. ഇതില്‍ 23 പേര്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

ദുരന്തത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറേ ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാരെ വെറുതെവിടില്ല. ദൗര്‍ഭാഗ്യകരമായ ഈ ദുരന്തത്തെ രാഷ്ട്രീയവത്കരിക്കരിക്കരുതെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Exit mobile version