അസൗകര്യങ്ങളില്‍ വലഞ്ഞ് 59-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

ഒന്നാം വേദിയിലെ അസൗകര്യങ്ങള്‍ മത്സരാര്‍ഥികളെയും ആസ്വാദകരെയും ഒരുപോലെ ബുദ്ധിമുട്ടാക്കും

ആലപ്പുഴ: പ്രളയാനന്തരം ചെലവുചുരുക്കിയും ദിവസങ്ങള്‍ വെട്ടിക്കുറച്ചും നടത്തുന്നഅമ്പത്തിയൊമ്പതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, ഒന്നാം വേദിയിലെ അസൗകര്യങ്ങള്‍ മത്സരാര്‍ഥികളെയും ആസ്വാദകരെയും ഒരുപോലെ ബുദ്ധിമുട്ടാക്കും. ആലപ്പുഴയിലെ ലിയോ തെര്‍ട്ടീന്ത് ഹയര്‍സെക്കണ്ടറി സ്‌കൂളാണ് ഒന്നാം വേദിയായി സംഘാടകര്‍ നിശ്ചയിച്ചിട്ടുള്ളത്.

പ്രധാന നൃത്ത മത്സരങ്ങളൊക്കെ അരങ്ങേറുന്നത് ഇവിടെയാണ്. അവസാന നിമിഷം തീരുമാനിച്ച കൂറ്റന്‍പന്തല്‍ നിര്‍മാണം പോലും അവസാന നിമിഷമാണ് പൂര്‍ത്തിയായത്. മത്സരങ്ങള്‍ സ്‌കൂളിലെ ഓഡിറ്റോറിയത്തില്‍ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ 500 പേര്‍ക്ക് പോലും ഇരുന്ന് കാണാന്‍ സൗകര്യമില്ലെന്ന കാരണത്താലാണ് നേരത്തെയുള്ള തീരുമാനം തിരുത്തി ലിയോതെര്‍ട്ടീന്ത് സ്‌കൂള്‍ അങ്കണത്തില്‍ പ്രധാനവേദിക്ക് പന്തല്‍ നിര്‍മിക്കാന്‍ നടപടിയായത്.

ഇതിനിടെ കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ പന്തല്‍ നില്‍ക്കുന്ന സ്‌കൂള്‍ അങ്കണം വെള്ളക്കെട്ടിലായി. പരിമിത സൗകര്യങ്ങള്‍ക്കിടയില്‍ കൂറ്റന്‍പന്തല്‍ ഉയര്‍ന്നതോടെ ഒന്നാംവേദിയിലെത്തുന്ന മത്സരാര്‍ഥികളും ആസ്വാദകരും നിന്ന് തിരിയാനിടമില്ലാതെ വട്ടം കറങ്ങേണ്ട സ്ഥിതിയിലാണ്. മീഡിയ സെന്റര്‍ ക്രമീകരിച്ചിരിക്കുന്നത് ഒന്നാം വേദിയിലാണെന്നിരിക്കെ, 30 വേദികളിലെയും വിജയികള്‍ യഥാസമയം ഇവിടെ എത്തിച്ചേരുക ഏറെ ശ്രമകരമാണ്.

Exit mobile version